ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളുടെ റെക്കോഡ് ഇനി ധോണിക്ക് സ്വന്തം. സയിദ് കിര്‍മാനിയെന്ന മാന്ത്രിക ഗ്ലൗസുകളുടെ ഉടമയുടെ 198 പുറത്താക്കലുകളുടെ റെക്കോഡാണ് ധോണി ഫിറോസ്‌ഷാ കോട്‌ലയില്‍ പഴങ്കഥയാക്കിയത്.
ആദ്യ ടെസ്‌റ്റില്‍ വിന്‍ഡീസ് ഓപ്പണര്‍ ബ്രെയിത്ത്‌വെയിറ്റിനെ പുറത്താക്കാന്‍ ധോണി നടത്തിയ ‘മിന്നല്‍’ സ്‌റ്റംപിംഗ് റെക്കോഡിന്റെ തിളക്കം ഇരട്ടിയാക്കുന്നു. മര്‍ലോണ്‍ സാമുവല്‍സിന്റെ ക്യാച്ചിലൂടെ ഇന്നലെത്തന്നെ 200 പേരെ പുറത്താക്കിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ധോണി സ്വന്തമാക്കി.
62-ാം ടെസ്‌റ്റിലാണ് ധോണി റെക്കോഡ് മറികടക്കുന്നത്. കിര്‍മാനിയാകട്ടെ 88 ടെസ്‌റ്റുകളില്‍നിന്നാണ് ഇത്രയും പേരേ പവലിയനിലേക്ക് മടക്കിയത്. 174 ക്യാച്ചുകളും 26 സ്‌റ്റംപിംഗുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്. 160 ക്യാച്ചുകളും 38 സ്‌റ്റംപിംഗുമാണ് കിര്‍മാനിയുടെ നേട്ടം. കിരണ്‍ മോറെയാണ് പട്ടികയില്‍ മൂന്നാം സ്‌ഥാനത്തുള്ളത്. 49 ടെസ്‌റ്റുകളില്‍നിന്ന് മോറെ പുറത്താക്കിയത് 130 പേരെ. ഇതില്‍ പത്തെണ്ണം സ്‌റ്റംപിംഗാണ്. 44 ടെസ്‌റ്റുകളില്‍നിന്ന് 107 പേരേ പുറത്താക്കിയ നയന്‍ മോംഗിയ നാലാം സ്‌ഥാനത്തുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നൂറിലധികം പേരെ പുറത്താക്കിയവര്‍ ഇവര്‍ മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല