സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് രേഖകളുടെ പിന്‍ബലത്തോടെ സുബ്രഹ്മണ്യം സ്വാമി വാദിയ്ക്കുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വാമി പറയുന്നു. ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും ആണ് രാഹുല്‍ ഗാന്ധി. കമ്പനിയുടെ വാര്‍ഷിക റെക്കോര്‍ഡിലാണ് രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.
ബ്ലാക്കോപ്‌സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഇരട്ട പൗരത്വം അംഗീകരിയ്ക്കാത്ത രാജ്യമാണ് ഇന്ത്യ. മറ്റേതെങ്കിലും രാജ്യത്ത് പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായി ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും.
രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് സ്വാമിയുടെ ആവശ്യം. രാഹുലിന്റെ പൗരത്വം റദ്ദാക്കുക മാത്രമല്ല എംപി സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നും സ്വാമി ആവശ്യപ്പെടുന്നു
അതേസമയം സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി സ്വാമി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇതെന്നും സ്വാമിയുടെ ആരോപണങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ലെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല