1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2012

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആറു കാലുകളുമായി കഴിഞ്ഞയാഴ്ച ജനിച്ച കുട്ടിയുടെ നാലു കാലുകള്‍ എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കി. സര്‍ജറി വിജയമെന്നു കറാച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ ഡോ. ജമാല്‍ റാസ അറിയിച്ചു. കുട്ടിയുടെ അച്ഛന്‍ ഇമ്രാന്‍ ഷേക്കിനൊപ്പമാണു ഡോ. ജമാല്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് ആറു കാലുകളുമായി കുട്ടി പിറന്നത്. പത്തുലക്ഷം കുട്ടികളില്‍ ഒരാള്‍ക്കു സംഭവിക്കുന്ന അപൂര്‍വ ജനിതക രോഗമാണിത്. ഗര്‍ഭപാത്രത്തില്‍ വച്ചു പൂര്‍ണവളര്‍ച്ചയെത്തതിരുന്ന പാരസൈറ്റിക്് ഇരട്ടകളിലൊന്നിന്റെ കാലുകളാണ് പിറന്ന ശിശുവില്‍ അധികകാലുകളായി രൂപാന്തരപ്പെട്ടത്.

എംആര്‍ഐ, സിടി സ്കാനിംഗ്, രക്തപരിശോധന എന്നിവയ്ക്കു ശേഷമാണു ഡോക്ടര്‍മാര്‍ സര്‍ജറി തീരുമാനിച്ചത്.അഞ്ചു ഡോക്ടര്‍മാരടങ്ങിയ വിദഗ്ധസംഘമാണു സര്‍ജറി നടത്തിയത്. ആറു കാലുകളില്‍ എതൊക്കെയാണു ഇരട്ടകളിലെ പൂര്‍ണവളര്‍ച്ചയെത്താത്ത മറ്റേപ്പകുതിയുടേതെന്നു നിര്‍ണയിച്ച ശേഷമാണു സര്‍ജറി നടത്തിയത്. പല ഘട്ടങ്ങളായാണു സര്‍ജറി പൂര്‍ത്തിയാക്കിയത്. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്.

കുട്ടിയുടെ ചികിത്സയ്ക്കു സഹായമനുവദിച്ച സര്‍ക്കാരിനോടും വിദഗ്ധ ചികിത്സയ്ക്കു മേല്‍നോട്ടം വഹിച്ച ഡോക്ടര്‍മാരോടുമുളള നന്ദിയും ഇമ്രാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരാശുപത്രിയില്‍ എക്സ് റേ ടെക്നീഷനായി ജോലി ചെയ്യുകയാണ് ഇമ്രാന്‍ ഷേക്ക്. കസിനെയാണ് ഇമ്രാന്‍ ഭാര്യയാക്കിയത്. കുട്ടിക്ക് ഉമര്‍ ഫാറൂഖ് എന്നു പേരിടാനാണ് ഇവരുടെ ആലോചന. സാധാരണ ശിശുവിന്റെ അവസ്ഥയിലേക്കു മടങ്ങിയെത്തുന്നതിനു തുടര്‍ചികിത്സ ആവശ്യമാണോ എന്നു പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പാരസൈറ്റിക് ഇരട്ടകളുടെ കഥ ഇങ്ങനെ: ഗര്‍ഭപാത്രത്തില്‍ രണ്ടുഭ്രൂണങ്ങള്‍ വളര്‍ച്ച തുടങ്ങുന്നു. പൂര്‍ണമായും വേര്‍പെട്ട നിലയിലല്ല ഇവയുടെ കിടപ്പ്. ഒരു ഭ്രൂണം മറ്റേതിനെ ആശ്രയിച്ചാണു വികസിക്കുന്നത്. അതിനാലാണു പാരസൈറ്റിക്(പരാദ സ്വഭാവമുളളത്)എന്നു വിളിക്കുന്നത്. രക്തസഞ്ചാരം, അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് ഒരു ഭ്രൂണം മറ്റേതിനെ ആശ്രയിക്കുന്നു. തുടര്‍ന്ന് ആദ്യത്തേതിന്റെ വളര്‍ച്ച അപൂര്‍ണമാകുന്നു. തുടര്‍ന്ന് ഒരു ശിശുവിന്റെ ശരീരം അപൂര്‍ണ വളര്‍ച്ചയിലെത്തിയതിന്റെ ശരീരാവയവങ്ങള്‍ സ്വീകരിക്കാറുണ്ട്. അതിനാലാണ് പാക് ശിശു ആറു കാലുകളുമായി പിറന്നത്. ഒന്നിലധികം അപൂര്‍ണശിശുക്കള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നിരുന്നതായി അനുമാനിക്കുന്നു. കുട്ടിക്ക് ആറു കാലുകളുണ്ടായത് അതിനാലാണെന്നും വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.