സ്വന്തം ലേഖകന്‍: സ്പീക്കറിലൂടെയുള്ള ബാങ്കു വിളിക്കെതിരെ വിമര്‍ശനവുമായി ട്വീറ്റ്, നടി സുചിത്ര കൃഷ്ണമൂര്‍ത്തി വെട്ടിലായി. ഗായകന്‍ സോനു നിഗമിന് പിറകെ പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പ്രതികരിച്ചാണ് നടി സുചിത്ര കൃഷ്ണമൂര്‍ത്തി പുലിവാലു പിടിച്ചത്. വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ 4.45 ആയി. ചെവി പൊട്ടുമാറ് ഉച്ചത്തിലുള്ള രണ്ട് ബാങ്കുവിളികളാണ് അപ്പോള്‍ കേട്ടത്. മോശമാണ് ഇത്തരം മതാചാരങ്ങള്‍ എന്നായിരുന്നു സുചിത്രയുടെ ട്വീറ്റ്.
സുചിത്രയുടെ ഈ പ്രതിഷേധപ്രകടനം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ചിലര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ പലരും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. സുചിത്ര ഒരു മതവിഭാഗത്തോട് പക്ഷപാതപരമായാണ് പ്രതികരിക്കുന്നത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ പ്രധാനം. എന്തുകൊണ്ട് സുചിത്ര ഭജനകളെക്കുറിച്ച് പറയുന്നില്ലെന്ന് ചിലര്‍ ചോദച്ചു. നടി നേരമില്ലാ നേരത്ത് വീട്ടില്‍ വന്നു കയറുന്നതിനെയാണ് മറ്റു ചിലര്‍ ചോദ്യം ചെയ്യുന്നത്.
ബാങ്കുവിളി അടക്കം ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെ പ്രതികരിച്ച സോനു നിഗമിന്റെ പ്രതികരണവും വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. പശ്ചിമ ബംഗാളിലെ ഒരു മതപുരോഹിതന്‍ പരസ്യമായി തന്നെ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് സംഭവം കോടതിയില്‍ എത്തുകയും ചെയ്തു. ഇതിനു ശേഷമാണ് വീണ്ടും സമാനമായ അഭിപ്രായപ്രകടനവുമായി സുചിത്ര രംഗത്തുവന്നത്. കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ സുചിത്ര സംവിധായകന്‍ ശേഖര്‍ കപൂറിന്റെ മുന്‍ ഭാര്യയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല