സ്വന്തം ലേഖകൻ: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ സഹായമഭ്യർത്ഥിച്ച് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. ഖർത്തുമിലെ ഫ്ലാറ്റിൽ കുടിവെള്ളം അടക്കം ലഭ്യമാകുന്നില്ല. എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും അവ്‌ബേർ കുടുംബങ്ങൾക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചും ഷെല്ലാക്രമണം തുടരുകയാണെന്ന് സുഡാനിൽ കഴിയുന്ന വ്ലോഗർ മാഹിൻ എസ് ട്വന്റിഫോറിനോട് പറഞ്ഞു.
സൈന്യവും അർദ്ധസൈന്യവും അധികാര പോരാട്ടം നടത്തുന്ന സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ലാറ്റിൽ ഏപ്രിൽ 15നാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ജനലരികിൽ നിന്ന് മകനുമായി ഫോണിൽ സംസാരിക്കവേയാണ് വെടിയേറ്റത്. മൃതദേഹം എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും ഫ്ലാറ്റിന്റെ ബേസ്മെന്റിൽ അഭയം തേടി. 8 ദിവസമായി ഫ്ലാറ്റിന്റെ ബേസ്മെന്റിൽ തുടരുകയാണ് ഇവർ. ഭക്ഷണത്തിനും കുടിവെള്ളത്തിനും ദൗർലഭ്യം. നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സൈബല്ല.
ഇവർ കഴിയുന്ന ഫ്ലാറ്റിലെ മറ്റ് താമസക്കാരെ വിവിധ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എംബസിയിൽ നിന്ന് കൂടുതൽ അറിയിപ്പുകൾ ലഭ്യമായിട്ടില്ലെന്ന് സൈബല്ല പറയുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലാക്രമണം തുടരുകയാണെന്ന് സുഡാനിൽ കഴിയുന്ന വ്ലോഗർ മാഹിൻ എസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ മടക്കി കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നുവെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല