സ്വന്തം ലേഖകൻ: സുഡാനിൽ കുടുങ്ങിയ മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡെസ്കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പർ – 011- 23747079. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരുന്നു.
അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുഡാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമദാന് കണക്കിലെടുത്താണ് തീരുമാനം. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ആര്‍എസ്എഫ് പറയുന്നു.
അതേസമയം സൈന്യത്തില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരികയെന്ന് ആര്‍എസ്എഫ് അറിയിച്ചു. സുഡാനില്‍ നേരത്തെ രണ്ട് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആര്‍എസ്എഫുമായുള്ള ചര്‍ച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവന്‍ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല