സ്വന്തം ലേഖകന്‍: സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അതിക്രമങ്ങളില്‍ 37 പേര് കൊല്ലപ്പെട്ടതായി ആംനസ്റ്റി; പൊലീസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സുഡാന് പ്രസിഡന്റ്. ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മരണങ്ങളെ കുറിച്ചന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഡിസംബര്‍ 19നാണ് ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
പ്രക്ഷോഭക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 19 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണന്ന് കാണിക്കുന്നതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. 37 പേര് പൊലീസ് അക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് രംഗത്തെത്തിയത്.
തുടര്‍ന്നാണ് പ്രക്ഷോഭങ്ങളെ നേരിടാന്‍ വിന്യസിച്ച പൊലീസ് സേനയെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ പൊലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാമമാത്രമായ പൊലീസുകരെ മാത്രം വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പുതുവര്‍ഷദിനത്തില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രകടനം നട്ടത്തുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സുഡാന്.
സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് സമ്മതിക്കുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ! കഴിയില്ലെന്നും അല്‍ ബഷീര്‍ പറഞ്ഞു. പ്രക്ഷോഭങ്ങളെ സംയമനത്തോടെ നേരിടാനാണ് പ്രസിഡന്റ് പൊലീസിന് നല്കിയ നിര്‍ദ്ദേശം. 1989 മുതല്‍ അധികാരത്തില്‍ തുടരുന്ന ഒമര്‍ അല്‍ ബഷീറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല