സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ വീസ അനുവദിക്കുന്നതിനെ എതിര്‍ത്ത ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പിന്തുണച്ച് ചാന്‍സലര്‍ ജെറെമി ഹണ്ടും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ വീസ എന്ന ഇന്ത്യന്‍ ആവശ്യത്തിന് ബ്രിട്ടന്‍ വഴങ്ങുമെന്ന് കരുതിയപ്പോഴാണ് ചാന്‍സലര്‍ കൂടി ഈ ആവശ്യം നിഷേധിച്ചത്.
കുടിയേറ്റം വര്‍ദ്ധിപ്പിക്കുന്നതിനായി വീസ ഇളവുകള്‍ നല്‍കണമെന്ന് എന്നും വാദിച്ചിരുന്ന വ്യക്തിയായിരുന്നു ജെറെമി ഹണ്ട് . ഇതുവരെ ഇന്ത്യന്‍ ആവശ്യത്തിനെതിരെ ക്യാബിനറ്റില്‍ ഉയര്‍ന്നിരുന്ന ഏക ശബ്ദം ബ്രേവര്‍മാന്റെ ആയിരുന്നു. ചാന്‍സലറും എഡ്യുക്കേഷന്‍ സെക്രട്ടറി ഗില്ലിയന്‍ കീഗനും അവരെ എതിര്‍ത്തിരുന്നതുമാണ്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും, കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് എത്തുന്നവര്‍ക്കും വീസ അനുവദിക്കുന്നത് ഇന്ത്യയുമായി ഒരു ഓപ്പണ്‍ ഡോര്‍ മൈഗ്രേഷന്‍ പോളിസി രൂപപ്പെടുത്തുന്നതിനോട് തുല്യമാകുമെന്നായിരുന്നു ബ്രേവര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മാത്രമല്ല, കൂടുതല്‍ വീസ ഇളവുകള്‍ നല്‍കുന്നതിന് ആനുപാതികമായ രീതിയിലുള്ള പ്രയോജനങ്ങള്‍ വിസ്‌കിയൂടെയും കാറുകളുടെ ടാരിഫുകള്‍ കുറയ്ക്കുന്നതില്‍ ലഭിച്ചേക്കില്ല എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഇന്ത്യയ്ക്ക് അധിക വീസ നല്‍കുന്ന കാര്യത്തില്‍ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം എം പിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഏകദേശം 50 ല്‍ അധികം എം മാരുടെ പിന്തുണയുള്ള, വലതുപക്ഷ ചിന്താഗതിക്കാരായ എം പിമാരുടെ കോമണ്‍ സെന്‍സ് ഗ്രൂപ്പ്, ഇതിനെതിരെ ട്രേഡ് സെക്രട്ടറി കെമി ബേഡ്‌നോക്കിന് കത്തെഴുതുകയും ചെയ്തിരുന്നു.
ഇതേ കാരണത്താല്‍ തന്നെയായിരുന്നു ലിസ് ട്രസ്സിന്റെ സര്‍ക്കാരില്‍ നിന്നും സുവെല്ല ബ്രേവര്‍മാര്‍ രാജി വെച്ചതും. പുതിയ സാഹചര്യത്തില്‍ വീസ ആവശ്യത്തില്‍ ഇന്ത്യ ഇനി ഉറച്ചു നില്‍ക്കുകയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല