സ്വന്തം ലേഖകന്‍: പുതിയ സൂയസ് കനാല്‍ ഗതഗതത്തിന് തുറന്നു കൊടുത്തു, ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ കപ്പല്‍ യാത്ര സുഗമമാകും. പഴയ പാതക്ക് സമാന്തരമായി പുതിയ പാത വന്നതോടെ സൂയസ് കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ തുറന്നത്. 1869 ല്‍ നിര്‍മിച്ച കനാലില്‍ നടത്തുന്ന മൂന്നാമത്തെ പ്രധാന നവീകരണമാണ് ഇതോടെ പൂര്‍ത്തിയായത്. 600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈജിപ്ത് നിലവിലെ കനാലിന് സമാന്തരമായി പുതിയ പാത പ്രഖ്യാപിച്ചത്. തുടര്‍ന്ന് 43,000 ജോലിക്കാരെ ഉപയോഗിച്ച് 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പാതയാണ് ഇപ്പോള്‍ തുറന്ന് കൊടുത്തിരിക്കുന്നത്.
നവീകരണത്തിനുശേഷം പലയിടത്തും ആഴം നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വീതി 40 ശതമാനവും വര്‍ധിച്ചു. ഇത് ഗതാഗതം സുമമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂയസ് പാതയിലെ ജലഗതാഗതം വഴി നിലവില്‍ ലഭിക്കുന്ന 530 കോടി ഡോളറിന്റെ വരുമാനമാണ് ഈജിപ്തിന് ലഭിക്കുന്നത്.
2023 ആകുമ്പോഴേക്കും ഇത് 1320 കോടി ഡോളറായി ഉയര്‍ത്താനാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്. നിലവില്‍ ആഗോള വാണിജ്യ, യാത്രാ കപ്പല്‍ ഗതാഗതത്തിന്റെ ഏഴു ശതമാനവും സൂയസ് കനാല്‍ വഴിയാണ് കടന്നു പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല