സ്വന്തം ലേഖകന്‍: മകന്‍ വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു, ട്വിറ്ററില്‍ സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനി. ഇറ്റലിയിലെ വെനീസില്‍ കൊള്ളയടിക്കപ്പെട്ട് കുടുങ്ങിപ്പോയ തങ്ങളുടെ മകന്‍ നന്ദനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് നടി സുഹാസിനി മണിരത്‌നം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അഭ്യര്‍ഥന നടത്തിയത്. ‘വെനീസ് എയര്‍പോര്‍ട്ടിന് അടുത്ത ആരെങ്കിലുമുണ്ടോ? ബെലുനോയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ട ഞങ്ങളുടെ മകനെ ആരെങ്കിലും സഹായിക്കാമോ? അവന് എയര്‍പോര്‍ട്ടിലേക്ക് എത്തുവാന്‍ ആരെങ്കിലും സഹായിക്കുമോ.’ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം സുഹാസിനിയുടെ ട്വീറ്റുകള്‍.
കഴിഞ്ഞ ദിവസം വൈകിട്ട് ഇന്ത്യന്‍സമയം ഏഴു മണിയ്ക്കായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ ട്വീറ്റ് സുഹാസിനി കുറിച്ചത്. മകന്‍ വെനീസിലെ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ പോലീസ് സ്‌റ്റേഷനടുത്തുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹാസിനി ഷെയര്‍ ചെയ്തിരുന്നു. സഹായിക്കാന്‍ കഴിയാത്തവര്‍ നന്ദനെ വിളിക്കരുത്. കാരണമായി പറഞ്ഞത് നന്ദന്റെ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നാണ്.
ഇന്ത്യയിലുള്ളവര്‍ വെറുതേ അവനെ വിളിച്ച് കളിയാക്കരുതെന്നും ഇപ്പോള്‍ തന്നെ അവന്‍ വല്ലാത്ത മാനസികാവസ്ഥയില്‍ ആണെന്നുമുള്ള ട്വീറ്റുകളുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോട് കൂടി വന്ന ട്വീറ്റില്‍ മകന്‍ സുരക്ഷിതനാണ്, ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചുവെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിച്ചു. ഇറ്റലിയിലെ ബെലൂനോയില്‍ ഫിലോസഫിയും ക്രിസ്ത്യന്‍ എത്തിക്‌സിലും പഠനം നടത്തുകയാണ് നന്ദന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല