ബ്രിട്ടണിലെ പുരുഷന്മാര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് റിപ്പോര്‍ട്ട്. 2013ല്‍ 15 വയസ്സിന് മുകളിലുള്ള 6,233 പേര്‍ ആത്മഹത്യ ചെയ്തതായി ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2012നെക്കാള്‍ നാല് ശതമാനം അല്ലെങ്കില്‍ 252 ആത്മഹത്യകള്‍ കൂടുതലാണ് 2013ല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 2013ല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് 4858 ആണെന്ന് കണക്കുകള്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ 100,000 ത്തില്‍ 19 പേര്‍ ആത്മഹത്യ ചെയ്യുന്നു. 2001 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം സ്‌കോട്ട്‌ലാന്‍ഡില്‍ പുരുഷന്മാര്‍ക്കിടയിലെ ആത്മഹത്യ 2002 മുതല്‍ നോക്കിയാല്‍ 19 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2002 മുതല്‍ 2013 വരെ ചൂസ് ലൈഫ് സൂയിസൈഡ് പ്രിവന്‍ഷന്‍ സ്ട്രാറ്റജി എന്നൊരു പദ്ധതി സ്‌കോട്ടിഷ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നെന്നും അതിന്റെ ഫലമായിട്ടാണ് ആത്മഹത്യകള്‍ കുറഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
തൊഴിലില്ലായ്മ, സാമൂഹിക കുടുംബ ബന്ധങ്ങളുടെ അഭാവം, വിവാഹ മോചനം, സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തെങ്കിലും മാനസികമായുള്ള പ്രശ്‌നങ്ങളുണ്ടായാലും പുരുഷന്മാര്‍ അത് പുറത്തുകാണിക്കാതെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ടെന്നും പഠനം പറയുന്നു.
20-49 വയസ്സിനിടയിലുള്ള പുരുഷന്മാര്‍ക്കിടയില്‍ മരണത്തിന് ഇടയാക്കുന്ന ഏറ്റവും വലിയ കാരണം ആത്മഹത്യയാണെന്നും ഒഎന്‍എസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല