സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം; ആറ് പേര് കൊല്ലപ്പെട്ടു; പിന്നില്‍ താലിബാനെന്ന് സംശയം. അഫ്ഗാനിലെ ഹെല്‍മാന്ദ് പ്രവിശ്യയിലെ സൈനിക ക്യാമ്പിന് സമീപം കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് അഫ്ഗാന് സൈനികരാണ്. പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബുധനാഴ്ച പ്രഖ്യാപിച്ച സ്പ്രിങ് ആക്രമണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സമാന ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന് ഭീകരര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
ഒരാഴ്ച മുമ്പ് കാബൂളിലെ വോട്ടര്‍ രജിസ്ട്രേഷന് സെന്ററിന് സമീപം നടന്ന ചാവേറാക്രമണത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്ലാമിക് സ്റ്റേറ്റായിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അതിനിടെ അഫ്ഗാന് സൈന്യവും താലിബാന് ഭീകരരും തമ്മില്‍ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ 8 താലിബാന് ഭീകരരും കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല