സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കാന്തഹാറില്‍ നാറ്റോ സൈനികവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. കാന്തഹാറിലെ ദമാനില്‍ നാറ്റോ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.
പശ്ചിമ പ്രവിശ്യയായ ഹീറാത്തില്‍ ശിയാപള്ളിയില്‍ 29 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തമാവുന്നതിനുമുമ്പാണ് അധിനിവേശ സേനക്കുനേരെ ആക്രമണം. ഹീറാത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇരു ആക്രമണത്തിനും പിന്നില്‍ താലിബാനാണെന്നാണ് സംശയിക്കുന്നത്. 9/11 ഭീകരാക്രമണത്തിനു പിന്നാലെ താലിബാനെ അഫ്ഗാനില്‍ നിന്ന് തുടച്ചു മാറ്റിയതാണെങ്കിലും ഭീകര സംഘടന്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍.
ഗ്രാമീണ മേഖലകളിലും മറ്റും താലിബാന്‍ ശക്തി തിരിച്ചുപിടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവില്‍ യു.എസിനും നാറ്റോക്കും കൂടി വെറൂം 13,500 സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. താലിബാന്‍ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ യുഎസ് അയക്കുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല