സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം, 29 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു ചാവേറുകളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുകയായിരുന്നു.
പിന്നീട് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തി പ്രാപിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പുതിയ സംഭവ വികാസം. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല.
അടുത്തിടെ ഷിയ ആരാധനാലയങ്ങള്‍ക്കു നേരെ ചാവേര്‍ ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ സംഭവമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റാണ് മിക്ക സ്‌ഫോടനങ്ങള്‍ക്കും ഉത്തരവാദിത്തം ഏല്‍ക്കുക പതിവ്. എന്നാല്‍ ചൊവ്വാഴ്ചത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഒന്നും തന്നെ ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല