സ്വന്തം ലേഖകന്‍: കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ലക്ഷ്യമിട്ടത് വൈസ് പ്രസിഡന്റിനെ. വിദേശവാസം കഴിഞ്ഞ് മടങ്ങിയെത്തിയ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീം ദോസ്തമിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവരാണ് കൊല്ലപ്പെട്ടത്.
കാബുള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ക്കു പരുക്കേറ്റു. ഉസ്‌ബെക് നേതാവും അഫ്ഗാനിലെ യുദ്ധപ്രഭുവുമായ ദോസ്തമിനെ വരവേല്‍ക്കാന്‍ അനുയായികളും നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.
സ്വീകരണം കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. ദോസ്തം അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. മാനഭംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ട വൈസ് പ്രസിഡന്റ് ഒരു വര്‍ഷത്തിലധികമായി തുര്‍ക്കിയിലായിരുന്നു. ചികില്‍സാര്‍ഥമാണ് വിദേശവാസമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല