1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2017

സ്വന്തം ലേഖകന്‍: സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം. സംഘര്‍ഷ ഭരിതമായ വടക്കന്‍ സിറിയയില്‍ നിന്ന് ബസുകളില്‍ ഒഴിപ്പിച്ചുകൊണ്ടുപോയ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് വിമത കലാപകാരികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ് 68 കുട്ടികളടക്കം 126 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചവാഹനം അഭയാര്‍ഥികള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

വിമത കലാപകാരികളാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് അധികൃതര്‍ ഒഴിപ്പിച്ചുകൊണ്ടുപോയ ജനങ്ങളാണ് ആക്രമണത്തിന് ഇരയായത്. സര്‍ക്കാര്‍ നിയന്ത്രണം തിരിച്ചുപിടിച്ച അലപ്പോയുടെ സമീപമുള്ള ഷിയാ നഗരങ്ങളായ ഫൌവ്വ, കെഫ്രായ എന്നിവിടങ്ങളില്‍ വിമത ആക്രമണം ശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇവിടെനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയവര്‍ക്ക് എതിരെയാണ് ആക്രമണം. വിമത കലാപകാരികളുടെ ഉപരോധത്താല്‍ വര്‍ഷങ്ങളായി മതിയായ ഭക്ഷണംപോലും ലഭിക്കാതെ നരകജീവിതം നയിച്ചവരാണിവര്‍. 2015 മെയ് മുതല്‍ വിമത കലാപകാരികള്‍ ഇവിടേക്ക് ഭക്ഷണവും മറ്റും കൊണ്ടു പോകുന്നത് തടയുകയാണ്. സിറിയന്‍ സര്‍ക്കാര്‍ ആകാശമാര്‍ഗം എത്തിക്കുന്ന ഭക്ഷണപൊതികളെ ആശ്രയിച്ചാണ് ഇവര്‍ കഴിഞ്ഞത്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തകര്‍ന്ന വാഹനാവശിഷ്ടങ്ങളുടെയും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യം സിറിയന്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടു. സന്നദ്ധ പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്ന് കരുതുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സിറിയയില്‍ സംഘര്‍ഷമേഖലകളില്‍ കുടുങ്ങിക്കിടിക്കുന്നവരെ കൈമാറുന്നതുസംബന്ധിച്ച് ഖത്തറിന്റെയും ഇറാന്റെയും നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സിറിയന്‍ സൈന്യത്താല്‍ വളയപ്പെട്ട മേഖലയില്‍ വിതമ കലാപകാരികള്‍ നാട്ടുകാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. സിറിയയില്‍ 23 ലക്ഷംപേര്‍ യുദ്ധ മേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷണ സംഘടനയുടെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.