സ്വന്തം ലേഖകന്‍: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരെയാണ് ആക്രമണുണ്ടായത്.
എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശരീരത്തില്‍ ബോംബുകളുമായി എത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
എങ്കിലും അക്രമണത്തിനു പിന്നില്‍ പാക് താലിബാനാണെന്നാണ് പ്രാഥമിക നിഗമനം. ഹാരോണിന്റെ പിതാവ് ബഷീര്‍ ബിലോര്‍ 2012 ല്‍ ഇവിടെ പാര്‍ട്ടി സമ്മേളനത്തിനിടെ നടന്ന താലിബാന്റെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖൈബര്‍ പക്തൂന്‍ഖാവ പ്രവിശ്യയില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് അസ്ഫന്ത്യാര്‍ വാലി ഖാന്‍ നയിക്കുന്ന എഎന്‍പി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല