സ്വന്തം ലേഖകന്‍: ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി കണക്കാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യാനും ബില്‍ ശിപാര്‍ശ ചെയ്യുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയാണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭയില്‍ അഞ്ച് മണിക്കൂറോളം ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. ആത്മഹത്യാ പ്രവണതയുള്ളവരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികള്‍ അഞ്ച് മണിക്കൂര്‍ ചെലവഴിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഡോ. സൗമിത്ര പത്‌റേ പറഞ്ഞു. ബില്ലിന്റെ ഡ്രാഫ്റ്റിംഗ് കമ്മറ്റിയില്‍ അംഗമായിരുന്നു ഡോ. സൗമിത്ര. ബില്ലിനെ പ്രശംസിച്ച് ഡോ. ശശി തരൂര്‍ എം.പിയും രംഗത്ത് വന്നിരുന്നു.
മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യസഭയില്‍ പാസായിരുന്നു. 134 ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരോ ഭവനരഹിതരോ ആണെങ്കില്‍ അവര്‍ക്ക് സൗജന്യ ചികിത്സയും ബില്‍ വ്യവ്സ്ഥ ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല