സ്വന്തം ലേഖകന്‍: രാജസ്ഥാനിലെ കോട്ടയിലുള്ള ഐഐടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ പെരുകുന്നു, ഈ വര്‍ഷം ആത്മഹത്യം ചെയ്തത് 14 പേര്‍. പതിനാറുകാരനായ അമന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്.
പിതാവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് ബീഹാര്‍ സ്വദേശിയായ അമന്‍ കുമാര്‍ ഗുപ്ത ആത്മഹത്യ ചെയ്തത്. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് ചമ്പല്‍ നദിയിലേക്ക് ചാടിയാണ് അമന്‍ ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളെയും അമന്‍ വിവരം അറിയിച്ചിരുന്നു.
പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അമന്‍ പിതാവിന് വേണ്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്.പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്നും അച്ഛന്‍ തന്നോട് ക്ഷമിക്കണമെന്നും അമന്‍ വീഡിയോയില്‍ പറയുന്നു. ഇളയ സഹോദരനെ നന്നായി പഠിപ്പിക്കണമെന്നും അമന്‍ കണ്ണീരോടെ പറഞ്ഞു.
കോട്ടയിലെ ഐ.ഐ.ടി പരിശീലന കേന്ദ്രത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന പതിനാലാമത്തെ വിദ്യാര്‍ഥിയാണ് അമന്‍. രക്ഷിതാക്കളുടേയും പരിശീലകരുടേയും കടുത്ത സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് മിക്ക ആത്മഹത്യകളും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല