സ്വന്തം ലേഖകന്‍: സുഖ്മ ആക്രമണം ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സൈനികര്‍ക്കുള്ള മറുപടിയെന്ന് മാവോയിസ്റ്റുകള്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് 25 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്. സന്ദേശത്തില്‍ സിപി ഐ മാവോയിസ്റ്റിനു വേണ്ടി വികല്‍പ് എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിക്കുന്നത്. പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ദൗത്യം നടപ്പിലാക്കിയതെന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു.
2016ല്‍ ഞങ്ങളുടെ ഒന്‍പത് ആളുകളെ കൊന്നു. ഒഡീഷയില്‍ 21 പേരെ കൊന്നു. ഈ ആക്രമണങ്ങള്‍ക്കും ഞങ്ങളുടെ സ്ത്രീകള്‍ക്കെതിരാ ലൈംഗികാതിക്രമത്തിനുമുള്ള പ്രതികാരമാണ് സുഖ്മയില്‍ നടന്നതെന്ന് മാവോയിസ്റ്റ് വക്താവ് വികല്‍പ് പറയുന്നു. പോലീസ് ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ ഗ്രാമീണരെ കൊന്നിട്ടുണ്ടെന്നും സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഓഡിയോ ക്ലിപ്പിന്റെ ആധികാരികത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
സി.ആര്‍.പി.എഫിനെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തെ ഓഡിയോയില്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദിയിലുള്ള ഓഡിയോ ടേപ്പില്‍ മാവോയിസ്റ്റ് വക്താവാണ് സംസാരിക്കുന്നത്. ആക്രമണം അര്‍ദ്ധ സൈനിക വിഭാഗത്തിന് എതിരല്ലെന്നും വിപ്ലവത്തിന് തടസം നില്‍ക്കുന്ന സര്‍ക്കാരിന് എതിരാണെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. നക്‌സലുകള്‍ക്കെതിരായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനുള്ള പ്രതികാരം കൂടിയാണ് സി.ആര്‍.പി.എഫ് സംഘത്തിനു നേരെ നടത്തിയ ആക്രമണമെന്നും സന്ദേശത്തില്‍ മാവോയിസ്റ്റുകള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല