1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2023

സ്വന്തം ലേഖകൻ: വേനൽ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തിൽ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാൽ പോലും 1000 ദിർഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം.

ഈ മാസം പകുതിയോട് അടുക്കുമ്പോൾ എയർ ഇന്ത്യ വിമാനങ്ങൾക്കു പോലും ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിൽ തൊടും. ഓഫ് സീസണിൽ 10000 രൂപയ്ക്കു യാത്ര ചെയ്യുന്ന ദൂരം താണ്ടാൻ ഒരാൾക്ക് 45000 രൂപയ്ക്ക് അടുത്തു ചെലവാകും. 4 പേരുടെ കുടുംബമാണെങ്കിൽ 2 ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രമായി പോകും. രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ ഈ മാസം പകുതിയാകുമ്പോൾ സ്കൂളുകൾ തുറക്കും.

വാർഷിക അവധിയെടുത്തു പോയിരിക്കുന്നവരെല്ലാം തിരികെ വരാൻ തിരക്ക് കൂട്ടുന്ന സമയമായതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കും. ഈ മാസം അവസാനം ഓണമായതിനാൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വർധിക്കും. സെപ്റ്റംബർ 15വരെ ഉയർന്ന നിരക്കിൽ തന്നെയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. സെപ്റ്റംബർ മൂന്നാം വാരം മുതലാണ് നിരക്കിൽ അൽപമെങ്കിലും കുറവുള്ളത്.

10 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ലെയ് ഓവറുള്ള സർവീസുകളിൽ പോലും 37000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. മസ്കത്ത്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തി വിമാനം മാറി കയറി വരുന്നതിനാണ് ഇത്രയും പണം മുടക്കേണ്ടത്. എത്ര മുടക്കിയാലും തിരികെ വന്നേ പറ്റു പ്രവാസിക്ക്. കാരണം, സമയത്ത് എത്തിയില്ലെങ്കിൽ ജോലിയും കുട്ടികളുടെ പഠിത്തവും അവതാളത്തിലാകും.

സീസണിൽ ഉയർന്ന നിരക്ക് വാങ്ങുന്നതു പോലെ തന്നെ സീസൺ അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്നാണ് ടിക്കറ്റ് നിരക്ക് സംബന്ധിച്ചു വിമാന കമ്പനികൾ പറയുന്നത്. ഡിമാൻഡ് വർധിക്കുമ്പോൾ വില വർധിക്കുന്നത് സ്വാഭാവികമാണെന്നും ലോകത്ത് എല്ലായിടത്തും ഇതേ പോലെ തന്നെയാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും കമ്പനികൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.