
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്ക് ജൂൺ 15 മുതൽ മധ്യവേനലവധി. അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുത്ത് പ്രവാസി കുടുംബങ്ങളും. ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയാണ് വേനലവധി. 27ന് ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, അധ്യാപകർ ജൂൺ 22 വരെ ജോലിക്കെത്തണം.
ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. എംഇഎസ് ഉൾപ്പെടെ മിക്ക ഇന്ത്യൻ സ്കൂളുകളിലും ഈ അധ്യയന വർഷത്തെ ആദ്യ ടേം പരീക്ഷ നടക്കുകയാണ്. ജൂൺ അവസാനമാണ് ബലിപെരുന്നാൾ എന്നതിനാൽ സർക്കാർ ഓഫിസുകൾക്ക് 10 ദിവസത്തെ അവധിയുണ്ട്. ഈദ് അവധിക്കൊപ്പം വാർഷിക അവധിയുമെടുത്ത് കുടുംബത്തോടൊപ്പം 2 മാസത്തെ അവധി ആഘോഷത്തിനാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും തയാറെടുക്കുന്നത്.
നാട്ടിലേക്കുള്ള യാത്രയ്ക്ക് മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതിനാൽ നിലവിലെ ടിക്കറ്റ് നിരക്ക് വർധനയിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ മിക്ക കുടുംബങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനികളിൽ നിന്ന് അവധി ലഭിക്കുന്നതനുസരിച്ചാണ് മിക്ക കുടുംബങ്ങളുടെയും അവധിക്കാല യാത്രകൾ.
അവധി ചെലവിടാൻ വിദേശരാജ്യങ്ങളിൽ പോകുന്നവർ, പകുതി ദിവസങ്ങൾ നാട്ടിലും ബാക്കി പകുതി യൂറോപ്യൻ രാജ്യങ്ങളിലുമായി അവധി ആഘോഷിക്കുന്നവർ, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് സാമ്പത്തിക ബാധ്യത കൂട്ടുമെന്നതിനാൽ അവധിക്കാലം ദോഹയിൽ തന്നെ ചെലവിടുന്നവർ ഇങ്ങനെ പ്രവാസി കുടുംബങ്ങളുടെ മധ്യവേനൽ അവധിക്കാലം പലതരത്തിലാണ്. പ്ലസ്ടു ഫലം എത്തിയതോടെ മക്കളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾക്കായുള്ള ഓട്ടത്തിലാണ് മിക്ക മാതാപിതാക്കളും.
ഗൾഫിലെ കനത്ത ചൂടിൽ നിന്ന് 2 മാസം മാറി നിൽക്കാമെന്നതാണ് അവധിക്കാലത്തിന്റെ മറ്റൊരു ആശ്വാസം. വേനലവധി ദോഹയിൽ തന്നെ ചെലവിടുന്നവർക്കായി മിക്ക നക്ഷത്ര ഹോട്ടലുകളും സ്റ്റെക്കേഷൻ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തർ ടൂറിസം വിവിധ കലാ, വിനോദ പരിപാടികളും ഉൾപ്പെടെയുള്ളവർ നടത്തുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും തിരക്കേറിയ യാത്ര സീസൺ ആരംഭിക്കുമ്പോൾ വിമാനത്താവളത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് യാത്രക്കാരുടെ ബാഹുല്യവും നീണ്ടുകിടക്കുന്ന ലൈനുകളും ഒരിടവും ബാക്കിയില്ലാത്ത ലോഞ്ചുകളുമെല്ലാമായിരിക്കും.
ചില സന്ദർഭങ്ങളിൽ മോശം കാലാവസ്ഥയും മറ്റും വിമാനത്താവളങ്ങളിലെ പ്രയാസങ്ങൾ കൂടുതൽ കഠിനമാക്കും. സ്കൂൾ അടക്കുന്നതോടെ, വാർഷിക അവധി നാട്ടിലാക്കാൻ തീരുമാനിക്കുന്ന മലയാളികൾ ഉൾപ്പെടെ പ്രവാസികൾ ജൂൺ മുതൽ യാത്ര ആരംഭിക്കും. ചൂട് കൂടുന്ന സാഹചര്യത്തിൽ യൂറോപ്പിലേക്കും മറ്റും അവധിക്കാല യാത്ര പതിവാക്കിയ സ്വദേശികളും ജൂണോടെ പുറപ്പെടും.
ഇതിനൊപ്പമാണ് മാസാവസാനത്തിലെത്തുന്ന ബലിപെരുന്നാളിന്റെ അവധി. പത്തു ദിവസത്തോളം അവധിയുണ്ടാവുമെന്നതിനാൽ നിരവധി താമസക്കാരും നാട്ടിലേക്ക് യാത്രക്കുള്ള ഒരുക്കത്തിലാണ്. രാവും പകലും വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ മുൻകരുതൽ പാലിക്കുന്നത് നന്നായിരിക്കും.
യാത്രക്കായി ലഗേജ് പാക്ക് ചെയ്യുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ എന്താണ് ആവശ്യമെന്ന് ചിന്തിക്കുന്നതിന് പകരം, വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോൾ ഓരോ വസ്തുവിനും എത്രസമയം ചെലവഴിക്കേണ്ടിവരുമെന്ന് ചിന്തിക്കുക. ആവശ്യമായ വസ്തുക്കൾ മാത്രമെടുത്ത് പാക്കിങ് ചെറുതാക്കുക. അതിലൂടെ ചെക്ക്-ഇൻ ചെയ്യുമ്പോഴും ബാഗേജ് ക്ലെയിം ചെയ്യുമ്പോഴും നിങ്ങളുടെ കാത്തിരിപ്പ് സമയം ലാഭിക്കാം.
പൂർണമായും ഒഴിഞ്ഞ ബാഗിൽനിന്നായിരിക്കണം ആരംഭിക്കേണ്ടത്. അതിൽ ആവശ്യമില്ലാത്തത് ഒന്നും ഇല്ലെന്ന് ഉറപ്പാക്കുക. ഓരോ പോക്കറ്റും പരിശോധിക്കുക. ഒരു വൈൻ ഓപണർ മതിയാകും നിങ്ങളെ സുരക്ഷാ പരിശോധനയിൽ പിടികൂടാൻ.
പാക്ക് ചെയ്യുന്ന വസ്തുക്കൾ കൊണ്ടുപോകാൻ പറ്റുമെന്ന് ഉറപ്പാക്കുക. ഓരോ യാത്രക്കാരനും ഒരു ക്വാർട്ടർ ബാഗിൽ 3.4 ഔൺസ് അല്ലെങ്കിൽ 100 മില്ലി ദ്രാവകം, ജെല്ലുകൾ, എയറോസോൾ മാത്രമാണ് അനുവാദമുള്ളൂ. ബാഗിൽ ലിക്വിഡ് പാക്ക് ചെയ്യുന്നുണ്ടെങ്കിൽ അളവ് ഉറപ്പുവരുത്തണം. അറിയുക, പീനട്ട് ബട്ടറും ഒരു ദ്രാവകമാണ്.
സാധാരണ അവശ്യവസ്തുക്കൾക്കപ്പുറം, പണം ലാഭിക്കാനും വിമാനത്താവളത്തെ മോശമാക്കാനും കഴിയുന്ന വസ്തുക്കൾ കൂടെ കരുതാതിരിക്കുക. പോർട്ടബിൾ പവർ ബാങ്കുകൾ കൈയിൽ കരുതുന്നത് ഇലക്ട്രോണിക് ഔട്ട്ലറ്റുകളെ ചൊല്ലി വഴക്കിടുന്നതിൽനിന്ന് നിങ്ങളെ രക്ഷിക്കും.
വിമാനത്തിൽ അനുവദിച്ച തൂക്കം മറന്ന് വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതാണ് നമ്മൾ മലയാളികളുടെ പതിവ്. 30ഉം 40ഉം കിലോ ആണ് ലഗേജ് പരിധിയെങ്കിൽ അതിനും ഒരുകിലോ വരെ കുറച്ച് പാക്ക് ചെയ്യുക. അതേസമയം, കൂടുതൽ തൂക്കം ലഗേജുകൾ മുമ്പ് കടത്തിവിട്ടു എന്ന അനുഭവത്തിൽ തിരക്കേറിയ സമയത്ത് സാഹസത്തിന് മുതിരേണ്ട. വിമാനങ്ങൾ മുഴുവൻ ഇരിപ്പിട ശേഷിയിൽ പറക്കുമ്പോൾ അധിക ലഗേജുകൾ അനുവദിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല