ലണ്ടന്‍ : ലാസ് വാഗാസിലെ ഒരു ഹോട്ടല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചു. മൂന്ന് ദിവസം മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍ രാജ കുടുംബത്തിലെ അഭിഭാഷകരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാരി രാജകുമാരന്റെ സ്വകാര്യചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ബ്രട്ടീഷ് ദിനപത്രമാണ് സണ്‍. രാജകുമാരന്റെ സ്വകാര്യതയിലേക്ക് ഉളള കടന്നുകയറ്റമാണ് ഇതെന്നും അത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കൊട്ടരത്തിലെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രം ലോകമെമ്പാടുമുളള ആളുകള്‍ ഇന്റര്‍നെറ്റ് വഴി കണ്ടതായും അതിനാല്‍ തന്നെ അത് തങ്ങളുടെ വായനക്കാരെ അറിയിക്കാനുളള ബാധ്യത തങ്ങള്‍ക്കുണ്ടെന്നുമാണ് സണ്‍ ദിനപത്രത്തിന്റെ വിശദീകരണം. ഇതോടെ രാജകുമാരന്റെ സ്വകാര്യതയും മാധ്യമസ്വാതന്ത്യവും ചര്‍ച്ചചെയ്യപ്പെടുന്ന വന്‍ സംഭവമായി ഇത് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.
ഹാരി രാജകുമാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യമായി അവധിക്കാലം ചെലവഴിക്കുന്നതിന്റെ ഫോട്ടോകളാണ് സണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹോട്ടല്‍ റൂമില്‍ ഹാരി രാജകുമാരനൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍ണ്ണ നഗ്നരായ ഇരുവരുടേയും ചിത്രങ്ങള്‍ ആരോ ക്യാമറാഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. അമേരിക്കന്‍ വെബ്ബ്‌സൈറ്റായ ടിഎംഇസെഡിലാണ് ആദ്യം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സൈബര്‍ലോകത്ത് വന്‍ പ്രചാരം ലഭിച്ച ചിത്രങ്ങള്‍ ഇന്ന് രാവിലെ പുറത്തിറങ്ങിയ സണ്‍ ദിനപത്രത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പിന്‍ഗാമി തന്നെ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുക്കുന്ന ചിത്രത്തിനൊപ്പമുളള വാര്‍ത്തയില്‍ ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ കണ്ട ഹാരി രാജകുമാരന്റെ നഗ്നചിത്രങ്ങളാണ് ഇതെന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ചിത്രം പ്രസിദ്ധീകരിച്ചത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് എന്നാണ് സണ്‍ ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഡേവിഡ് ഡിന്‍സ്‌മോര്‍ പറയുന്നത്. ഏറെ ആലോചിച്ച ശേഷമാണ് ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഡിന്‍സ്‌മോര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ആളുകള്‍ ഇന്റര്‍നെറ്റ് വഴി ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു. ദിവസേന എട്ട് മില്യണ്‍ ജനങ്ങള്‍ വായിക്കുന്ന പ്രചാരമുളള ഒരു ദിനപത്രത്തിന് ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവകാശമില്ലന്ന് പറയുന്നതില്‍ ന്യായമില്ലെന്നും ഡിന്‍സ്‌മോര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് പത്രം എഡിറ്റോറിയലും എഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പരീക്ഷിക്കുന്ന സംഭവമായിരിക്കും ഇതെന്നാണ് സണ്‍ പറയുന്നത്.
എന്നാല്‍ ചിത്രങ്ങള്‍ പുറത്തായ ഉടന്‍ തന്നെ രാജകൊട്ടാരം പ്രസ് കംപ്ലെയ്ന്റ്‌സ് കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു.27 വയസ്സുകാരനായ രാജകുമാരന്റെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങളാണ് ഇതെന്നും അതിനാല്‍ തന്നെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നുമായിരുന്നു കൊട്ടരത്തില്‍ നിന്നുളള ആവശ്യം. ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എഡിറ്റേഴ്‌സ് കോഡ് ഓഫ് പ്രാക്ടീസിന് വിരുദ്ധമാണന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ച് വിശദമായി പ്രതികരിക്കാന്‍ കൊട്ടാരം വക്താവ് തയ്യാറായില്ല. ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടന്നും ഒരു പത്രത്തില്‍ എന്തൊക്കെ പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നത് എഡിറ്ററാണന്നും കൊട്ടാരം വക്താവ് അറിയിച്ചു. എന്നാല്‍ ഇത്തരം കാര്യത്തില്‍ പത്രങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും വക്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹാരി രാജകുമാരന്റെ ചെയ്തികളിലെ ധാര്‍മ്മികത ചോദ്യം ചെയ്യാനല്ല തങ്ങള്‍ ചിത്രം പ്രസിദ്ധീകരിച്ചതെന്നും രാജകുടുംബാംഗം എന്നതിലുപരി ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയും സൈനികനുമാണ് ഹാരി രാജകുമാരന്‍. അത്തരത്തിലുളള ഒരാളുടെ ഫോട്ടോ തികച്ചും പൊതുജന താല്‍പ്പര്യാര്‍ത്ഥമാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സണ്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ചിത്രം മറ്റൊരു വിവാദത്തിനു കൂടി വഴി വച്ചിരിക്കുകയാണ്. ലാസ് വാഗാസില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ രാജകുമാരന്റെ സുരക്ഷയെ സംബന്ധിച്ചാണ് ഇത്. ഒപ്പം സൈന്യത്തിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ഇത് ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഹാരിയെ സംരക്ഷിക്കേണ്ട ബാധ്യതയുളള പോലീസ് ഓഫീസേഴ്‌സ് പാര്‍ട്ടി ആഘോഷങ്ങളുടെ തിരക്കിലായിരുന്നുവെന്നും അതിനാലാണ് ചിത്രങ്ങള്‍ പുറത്തായതെന്നുമാണ് ആരോപണം. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരെ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചതും എടുത്ത ചിത്രങ്ങളുമായി വീട്ടില്‍ പോകാന്‍ അനുവദിച്ചതുമാണ് ഓഫീസര്‍മാര്‍ തങ്ങളുടെ ജോലി ക്യത്യമായി നിര്‍വ്വഹിച്ചില്ലെന്ന ആരോപണം ഉയരാന്‍ കാരണം. എന്നാല്‍ രാജകുമാരന്റെ സുരക്ഷമാത്രമാണ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാറില്ലെന്നും പോലീസ് ചീഫ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല