സ്വന്തം ലേഖകന്‍: സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ചാനലുകള്‍ പ്രതിസന്ധിയിലായി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷകള്‍ തള്ളിയത്.
സണ്‍ ടിവിയുടെ ഉടമകളായ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരനും മാരന്‍ സഹോദരന്മാര്‍ക്കുമെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളും മന്ത്രാലയം വിലയിരുത്തി. സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയതോടെ സണ്‍ ടിവിയുടെ 33 ചാനലുകളുടെ പ്രവര്‍ത്തനം നിറുത്തി വക്കേണ്ടിവരും.
വാര്‍ത്ത പുറത്തു വന്നതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ ഓഹരി വില 25 ശതമാനം ഇടിഞ്ഞു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ 45 റേഡിയോ ചാനലുകളുടെ സെക്യൂരിട്ടി ക്ലിയറന്‍സും അടുത്തിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചത്. ഇതിന് പിന്നാലെയാണ് ചാനലുകളുടെ കാര്യത്തിലും മന്ത്രാലയം സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സെക്യൂരിട്ടി ക്ലിയറന്‍സ് നല്‍കാത്ത സാഹചര്യത്തില്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് ബ്രോഡ്കാസ്റ്റ് ലൈസന്‍സ് നല്‍കാനാവില്ല. അങ്ങനെ വരുമ്പോള്‍ പ്രവര്‍ത്തനം നിറുത്തി വക്കേക്കേണ്ടിവരും. ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ അപേക്ഷകര്‍ക്ക് കോടതിയെ സമീപിക്കാം എന്നതിനാല്‍ വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സണ്‍ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കിയിട്ടുള്ളത്. പത്ത് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു അപേക്ഷ. അത് നിരസിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സണ്‍ ടിവി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല