സ്വന്തം ലേഖകൻ: ഋഷിയെ മാറ്റി മറ്റാരെ നേതാവാക്കിയാലും അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഋഷി സുനകിനെ അട്ടിമറിച്ച് വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി സഭാനേതാവ് പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന അഭ്യുഹങ്ങള്‍ക്കിടയിലാണ് ഈ സര്‍വ്വേ ഫലം പുറത്തു വരുന്നത്.
ഏതായാലും, ഋഷിക്ക് പകരക്കാരാകും എന്ന് പ്രതീക്ഷിക്കുന്നവരില്‍ പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍, അതും വെറും നാമമാത്രമായ മേല്‍ക്കൈ മാത്രമാണ് ഋഷിക്ക് മേല്‍ മോര്‍ഡന്റിനുള്ളത്. സര്‍വ്വേയില്‍ ഋഷി സുനാക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് 30 പോയിറ്റുകള്‍ നേടി.
അതേസമയം, ഋഷിയുടെ പിന്‍ഗാമിയുണ്ടാകും എന്ന് കരുതുന്ന നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്നോക്ക് എന്നിവര്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഋഷി സുനകിന്റെ ഏറെ പുറകിലാണ്. അതേസമയം പാര്‍ട്ടി എന്ന നിലയില്‍ ലേബര്‍ പാര്‍ട്ടി ടോറികളേക്കാള്‍ മുന്‍പിലാണ്. ഋഷി സുനാക് നയിക്കുന്ന ടോറി സര്‍ക്കാരാണോ കിയര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലേബര്‍ പാര്‍ട്ടിക്ക് ടോറികളേക്കാള്‍ 18 പോയിന്റ് കൂടുതല്‍ ലഭിച്ചു. പെന്നി മോര്‍ഡന്റിനെ ടോറി നേതാവാക്കിയപ്പാള്‍ ലേബര്‍ പാര്‍ട്ടിക്ക് നേടാനായത 15 പോയിന്റിന്റെ ലീഡ് മാത്രമായിരുന്നു.
അതേസമയം ബ്രേവര്‍മാനോ ബേഡ്നോക്കോ നേതാവായാല്‍ ലേബര്‍ പാര്‍ട്ടി 24 പോയിന്റുകള്‍ക്കായിരുന്നു മുന്നിലായത്. ജെയിംസ് ക്ലെവര്‍ലി ആകുമ്പോള്‍ 21 പോയിന്റുകള്‍ക്കും. അതുപോലെ, നിലവിലെ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കാതെ, ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലേബര്‍ പാര്‍ട്ടി എന്നായിരുന്നു 41 ശതമാനം പേര്‍ മറുപടി പറഞ്ഞത്. 25 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒപ്പം നിന്നപ്പോള്‍ റീഫോം പാര്‍ട്ടിക്ക് 11 ശതമനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 ശതമാനവും ഗ്രീന്‍സിന് എട്ടു ശതമാനവും ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല