സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറിന്റേത് അസ്വഭാവിക മരണം തന്നെ, ശരീരത്തില്‍ കൊടും വിഷമെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണമാണെന്നും നേരത്തേ സംശയിച്ചതുപോലെ ആണവ പദാര്‍ഥമല്ല മരണകാരണമെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
അപകടകരമായ രാസവസ്തുവാകാം മരണകാരണമെന്നാണു വാഷിങ്ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ലാബറട്ടറിയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഷിങ്ടണില്‍നിന്നു ലഭിച്ച ഫലം വിശകലനം ചെയ്ത് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധസംഘം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബസിയുടേതാണു വെളിപ്പെടുത്തല്‍.
‘ആന്തരാവയവങ്ങളില്‍ കണ്ടെത്തിയ റേഡിയേഷന്‍ അളവ് അപകടകരമായ തോതിലല്ലെന്നാണ് എഫ്.ബി.ഐ. റിപ്പോര്‍ട്ട്. ആണവപദാര്‍ഥമാണ് മരണകാരണമെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ മറ്റു ചില രാസസംയുക്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതു വിലയിരുത്തി എയിംസ് മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ടുവച്ച നിഗമനങ്ങളിലേക്ക് അന്വേഷണം നടത്തും. എന്തായാലും, മരണം സ്വാഭാവികമല്ലെന്ന് ഉറപ്പ്. കേസിനു വൈകാതെ തുമ്പുണ്ടാക്കും’ ബസി വ്യക്തമാക്കി.
സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ജനുവരി 17 ന് രണ്ടു വര്‍ഷം തികയുകയാണ്. വിഷം ഉള്ളില്‍ച്ചെന്നാണു മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല