സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു.
ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്.
സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും സുനന്ദ തരൂരിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവായും പോലീസ് ഹാജരാക്കി. കേസില്‍ ഹര്‍ജിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ ഹാജരായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ തരൂര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ശശി തരൂര്‍. തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ പറഞ്ഞു. വിദ്വേഷംനിറഞ്ഞ പ്രചാരണത്തിന്റെ ഉത്പന്നമാണ് ആരോപണം. ഈ വിഷയത്തില്‍ ഉചിത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളില്‍ കണ്ടെത്താതിരുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോര്‍ട്ട് കെട്ടിച്ചമയ്ക്കാന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ.ഗുപ്ത പിന്നീട് ആരോപിച്ചു. എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി.
അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതില്‍ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകളും അവര്‍ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല