1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ലണ്ടന്‍ : ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഞയറാഴ്ചയും വലിയ ഷോപ്പുകള്‍ തുറന്ന പ്രവര്‍ത്തിച്ചത് വിജയമായതിനെ തുടര്‍ന്ന് സ്ഥിരമായി വലിയ ഷോപ്പുകള്‍ ഞയാറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാനുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ തീരുമാനം ഗവണ്‍മെന്റില്‍ ഭിന്നതയ്ക്ക് വഴി വച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ചില മുതിര്‍ന്ന അംഗങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നില്‍. എന്നാല്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ തീരുമാനത്തിനെതിരേ ശക്തമായി രംഗത്ത് വന്നുകഴിഞ്ഞു. ഒപ്പം തീരുമാനത്തിനെതിരേ യൂണിയനുകളും ചെറുകിട ബിസിനസ്സുകാരും ചര്‍ച്ചും രംഗത്തെത്തിയിട്ടുണ്ട്.

ഒളിമ്പിക്‌സിനു വേണ്ടി മാത്രമാണ് തങ്ങള്‍ വലിയ ഷോപ്പുകള്‍ ഞയറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുളള അനുമതി നല്‍കിയതെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ അറിയിച്ചു. ഇതില്‍ നിന്ന് വ്യത്യസ്ഥമായി സ്ഥിരമായി ഷോപ്പുകള്‍ ഞയറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കുന്നത് സഖ്യകക്ഷികളുടെ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തുമെന്ന് വിന്‍സ് കേബിള്‍ മുന്നറിയിപ്പ് നല്‍കി. തൊഴില്‍ നയങ്ങളും നിയമങ്ങളും ടോറികള്‍ ഏകപക്ഷീയമായി നടപ്പിലാക്കുകയാണന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ വാര്‍ഷിക കോണ്‍ഫ്രന്‍സില്‍ ടോറികള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുമെന്നാണ് കരുതുന്നത്. ട്രഷറി ചീഫ് സെക്രട്ടറി ഡാനി അലക്‌സാണ്ടര്‍ ടോറികള്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നുകഴിഞ്ഞു.

ഞയറാഴ്ചയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നാണ് ടോറികള്‍ കരുതുന്നത്. അടുത്ത ശരത്കാലത്ത് അവതരിപ്പിക്കാനിരിക്കുന്ന എക്കണോമിക് റീജനറേഷന്‍ പ്ലാനില്‍ ഇതുകൂടി ഉള്‍പ്പെടുത്താനാണ് ടോറികളുടെ നീക്കം. വിമാനത്താവളങ്ങളുടെ വികസനം അടക്കമുളള ചില അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഒപ്പം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ ഇളവ് നല്‍കുക എന്നിവയും പദ്ധതികളില്‍ പെടുന്നു.

പുതിയ നിയമം അനുസരിച്ച് 3000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണം ഉളള സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പുകളും ഞയറാഴ്ച ആറ് മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഒളിമ്പിക്‌സ് നടക്കുന്ന ആറ് ആഴ്ച ഇത്തരത്തില്‍ ഞയറാഴ്ചയും ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അവസരം നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷവും ഇത്തരത്തിലൊരു നീക്കം നടന്നിരുന്നെങ്കിലും ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ഒളിമ്പിക്‌സില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഇ നയം വിജയകരമാണോ എന്ന് പരിശോധിച്ച ശേഷമാകും നടപ്പിലാക്കുക.

വിമാനത്താവള വികസനത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഞയറാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനോട് ലിബറല്‍ ഡെമോക്രാറ്റുകള്‍ അനുകൂലിക്കുന്നില്ല. അടുത്തിടെയായി ഇരു സഖ്യകക്ഷികളും തമ്മിലുളള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഗവണ്‍മെന്റിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനുളള സാധ്യത ഏറെയാണന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.