1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌. സ്‌പോര്‍ട്ടിംഗിന്റെ റിസര്‍വ്‌ (ബി) ടീമിലേക്കാണ്‌ രണ്ടു വര്‍ഷത്തെ കരാറില്‍ ഛെത്രിയെ തെരഞ്ഞെടുത്തത്‌.

പോര്‍ചുഗലിലെ ഇതിഹാസ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ലൂയി ഫിഗോ, നാനി തുടങ്ങിയവര്‍ കളിച്ചു വളര്‍ന്ന ക്ലബാണ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഡി പോര്‍ചുഗല്‍. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ലിസ്‌ബണിലെത്താനാണു ഛെത്രിക്കു ലഭിച്ച നിര്‍ദേശം. ബി ടീമില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചാല്‍ ഛെത്രിക്കു പ്രധാന ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ‘പുതുയുഗ’മെന്നാണ്‌ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ ഛെത്രിയുടെ നേട്ടത്തെ വിശേഷിപ്പിച്ചത്‌.

ലോകത്തെ തന്നെ മികച്ച കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ ലഭിക്കുന്ന അവസരം ഛെത്രി പരമാവധി ഉപയോഗപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. യൂറോപ്പില്‍ കടുത്ത വെല്ലുവിളികളാണു കാത്തിരിക്കുന്നതെന്നു ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഛെത്രി പറഞ്ഞു. ഫിഫയുടെ ലോക റാങ്കിംഗില്‍ അഞ്ചാം സ്‌ഥാനത്തുള്ള രാജ്യത്തു കളിക്കാന്‍ കഴിയുന്നതു തന്നെ തന്റെ നിലവാരം മാറ്റുമെന്നും ഇന്ത്യന്‍ നായകന്‍ കൂടിയായ ഛെത്രി പറഞ്ഞു. മോഹന്‍ബഗാനുമായുണ്ടായിരുന്നു ഒരു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനു തൊട്ടു പിന്നാലെയാണ്‌ ഛെത്രിയെ തേടി ലിസ്‌ബണില്‍നിന്നു വിളി വരുന്നത്‌.

2010 മാര്‍ച്ചില്‍ യു.എസ്‌. മേജര്‍ ലീഗ്‌ സോക്കര്‍ ടീം കന്‍സാസ്‌ സിറ്റിക്കു വേണ്ടി കളിക്കാന്‍ കരാറായെങ്കിലും ഒരു മത്സരത്തില്‍ പോലും ഇറങ്ങാനായില്ല. ബ്രിട്ടനിലെ കോവന്‍ട്രി സിറ്റി, ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സ് എന്നിവിടങ്ങളിലും കളിക്കാനൊരുങ്ങിയെങ്കിലും ട്രയല്‍സില്‍ പിന്തള്ളപ്പെട്ടു. പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ക്യൂന്‍സ്‌ പാര്‍ക്ക്‌ റേഞ്ചേഴ്‌സിനു വേണ്ടി കരാറായെങ്കിലും വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കാത്തതിനാല്‍ കളിക്കാനായില്ല. പോര്‍ചുഗലില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഛെത്രി അംഗമായിരുന്നു. 1984 ഓഗസ്‌റ്റ് മൂന്നിനു ഡല്‍ഹിയിലാണു ഛെത്രി ജനിച്ചത്‌. നേപ്പാള്‍ വംശജരാണു മാതാപിതാക്കള്‍. ഇന്ത്യക്കു വേണ്ടി നെഹ്‌റു കപ്പ്‌, സാഫ്‌ ചാമ്പ്യന്‍ഷിപ്പ്‌, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചലഞ്ച്‌ കപ്പ്‌ തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചു. 2008 ലെ എ.എഫ്‌.സി. ചലഞ്ച്‌ കപ്പ്‌ ഫൈനലില്‍ ഹാട്രിക്കടിക്കുകയും ചെയ്‌തു. 2007 ല്‍ രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ്‌ ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.