സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സണ്ണി ഡിയോളിന്റെ പുതിയ ബോളിവുഡ് ചിത്രം പുലിവാലു പിടിക്കുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹല്ല അസ്സി എന്ന ചിത്രമാണ് ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ കുടുങ്ങുയത്.
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായകന്‍ സണ്ണി ഡിയോളിനും സംവിധായകന്‍ ചന്ദ്ര പ്രകാശിനും എതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിട്ടു. സംവിധായകനും തിരക്കഥാകൃത്തും അടക്കം ഒമ്പതു പേര്‍ക്കെതിരെയൊണ് കേസ്.
ചിത്രത്തിലെ ചില സംഭാഷണങ്ങളും സീനുകളും മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തീര്‍ഥാടനകേന്ദ്രമായ വരാണാസിയെയും ആചാരങ്ങളെയും മോശം ഭാഷയിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലറാണ് പരാതിക്ക് അടിസ്ഥാനം.
കാശിനാഥ് സിങിന്റെ കാശി കാ അസി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോളിനെ കൂടാതെ രവി കിഷന്‍, സാക്ഷി തന്‍വാര്‍ എന്നവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംസ്‌കൃതം അധ്യാപകനായി ചിത്രത്തിലെ പ്രധാന വേഷത്തിലാണ് സണ്ണിയുടെ വരവ്.
സണ്ണിയുടെ ഭാര്യയായി സാക്ഷി തന്‍വാര്‍ വേഷമിടുന്നു. ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന സണ്ണിയുടെ മടങ്ങി വരവായാണ് ചിത്രം കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല