സ്വന്തം ലേഖകൻ: പന്തുരുളും മുമ്പ് സൂപ്പർ ലീഗിന് മരണമണി; 6 പ്രീമിയർ ലീഗ് ക്ലബ്ബുകളും ടൂർണമെൻ്റിൽ കളിക്കില്ലെന്ന് ഉറപ്പായതോടെയാണിത്. സൂപ്പർ ലീഗിൽ ഉൾപ്പെട്ട ആറ് പ്രീമിയർ ലീഗ് ക്ലബ്ബുടമളും ഔദ്യോഗികമായി മത്സരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി സ്ഥിരീകരിച്ചു. പിൻമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ചെൽസി വ്യക്തമാക്കിയപ്പോൾ ഔദ്യോഗികമായി പിൻമാറിയ ആദ്യത്തെ ക്ലബ്ബായി മാഞ്ചസ്റ്റർ സിറ്റി മാറി.
മറ്റ് നാല് ക്ലബുകളുമായ ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവയും പിന്മാറാനുള്ള നടപടിക്രമത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ലബ്ബിന്റെ തീരുമാനത്തിൻ്റെ പേരിൽ ലിവർപൂൾ എഫ്‌സിയുടെ ഉടമ ജോൺ ഡബ്ല്യു ഹെൻറി ആരാധകരോടും മാനേജർ ജർഗൻ ക്ലോപ്പിനോടും കളിക്കാരോടും ക്ഷമ ചോദിച്ചു.
“കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഞാൻ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ എല്ലാ ആരാധകരോടും പിന്തുണക്കാരോടും ഞാൻ ക്ഷമ ചോദിക്കുന്നു,” ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ജോൺ ഡബ്ല്യു ഹെൻറി പറഞ്ഞു:
12 ടീമുകളുള്ള യൂറോപ്യൻ സൂപ്പർ ലീഗ് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ, പ്രഖ്യാപനം നടത്തി 72 മണിക്കൂറിനുള്ളിൽ തന്നെ പദ്ധതികൾ തകരുകയായിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിന് പുറത്ത് നടന്ന പ്രക്ഷോഭത്തിൽ ഇന്നലെ രാത്രി നൂറുകണക്കിന് ചെൽസി ആരാധകർ അണിനിരന്നതോടെയാണ് ക്ലബ്ബ് ഉടമകൾ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതരായത്.
ബ്രൈട്ടനെതിരായ പ്രീമിയർ ലീഗ് മൽസരത്തിന് മുന്നോടിയായി ചെൽസി ടീം പരിശീലകൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് ആരാധകർ തടഞ്ഞിരുന്നു. “രാജ്യമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കും ക്ലബ്ബുകൾക്കും കമ്മ്യൂണിറ്റികൾക്കും വേണ്ടി“ നിർദ്ദിഷ്ട സൂപ്പർ ലീഗിൽ നിന്ന് ആറ് പ്രീമിയർ ലീഗ് ടീമുകളെ പിൻ വലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഹ്വാനം ചെയ്തിരുന്നു.
ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാ റിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ക്ലബ്ബുകളിലൊന്നായ യുവന്റസ് ചെയർമാൻ ആൻഡ്രിയ അഗ്നെല്ലി പറഞ്ഞു. അഗ്നെല്ലിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, സ്പാനിഷ് ക്ലബ് അറ്റ്ലെറ്റിക്കോ മാഡ്രിഡും ഇറ്റാലിയൻ ക്ലബ് ഇന്റർ മിയാമിയും സൂപ്പർ ലീഗിൽ ഇനി പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതും സംഘാടകർക്ക് തിരിച്ചടിയായി.
ആരാധകരുടേയും ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികളുടേയും ആവശ്യപ്രകാരം സൂപ്പർ ലീഗിൽനിന്ന് പിൻവാങ്ങുകയാണെന്ന് ആഴ്സണൽ കത്തിൽ പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്കെതിരെയും താരങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ഫിഫയും യുവേഫയും അറിയിച്ചിരുന്നു.
റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീ ഗിന്റെ തലവൻ. കൂടുതൽ സാന്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് സൂപ്പർ ലീഗിന് ക്ലബ്ബുകൾ തുടക്കം കുറിച്ചിരിക്കുന്നത്. 20 ക്ലബ്ബുകളെങ്കിലും ലീഗിലുണ്ടാകുമെന്നാണ് സൂചന. 2023-24 സീസണ് മുതൽ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുരുഷന്മാരുടെ സൂപ്പർ ലീഗ് തുടങ്ങിയശേഷം വനിതകളുടെ സൂപ്പർ ലീഗിനും പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല