സ്വന്തം ലേഖകന്‍: ഈ ചന്ദ്രന്‍ വലുപ്പത്തിലും പ്രകാശത്തിലും വേറെ ലെവല്‍; ലോകത്തെ അമ്പരിപ്പിച്ച് സൂപ്പര്‍ സ്‌നോ മൂണ്‍ പ്രതിഭാസം. ജനുവരിയിലെ ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പര്‍ സ്‌നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍ മൂണ്‍’ എന്ന വിശേഷണം സ്വന്തമാക്കിയത്.
ചന്ദ്രന്‍ ഭൂമിക്ക് എറ്റവും അടുത്തു വരുമ്പോള്‍ കാണാനാകുന്ന പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്നുവിളിക്കുന്നത്. ഇതിനു വലുപ്പവും പ്രകാശവും ഏറും. ഫെബ്രുവരി 19ന് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,56,846 കി.മീ മാത്രമായിരുന്നു. സാധാരണ ഗതിയില്‍ ഇത് ഏകദേശം 3,84,400 കി.മീ. ആണ്. ഭൂമിയും ചന്ദ്രനും തമ്മില്‍ ഏറ്റവുമധികം ദൂരമുള്ളപ്പോഴും ഒരു ഫുള്‍ മൂണ്‍ സംഭവിക്കാനുണ്ട്.
സെപ്റ്റംബറിലാണത്. അന്നു ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 406,248 കി.മീ ആയിരിക്കും. ഈ വര്‍ഷം ഫെബ്രുവരിയിലെ പൂര്‍ണചന്ദ്രന് മറ്റൊരു പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബ്ലാക്ക് മൂണ്‍ ആയിരുന്നു. അതായത് പൂര്‍ണചന്ദ്രന്‍ ഇല്ലാതിരുന്ന മാസം. ഇന്ത്യയില്‍ അത്ര പ്രശസ്തമല്ലെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലുമെല്ലാം വാനനിരീക്ഷകര്‍ക്കു വിരുന്നാണ് സൂപ്പര്‍ സ്‌നോ മൂണ്‍. ഈ സമയം ചാന്ദ്രനിരീക്ഷണത്തിനു വേണ്ടി നാസ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു.
സൂപ്പര്‍ സ്‌നോ മൂണിന് ആ പേരിട്ടത് റെഡ് ഇന്ത്യക്കാരാണെന്നാണു കരുതുന്നത്. യൂറോപ്പിലും യുഎസിലുമെല്ലാം പലയിടത്തും കനത്ത മഞ്ഞുവീഴുന്ന കാലമാണിത്. മഞ്ഞിനിടയിലൂടെ ആകാശത്ത് നിറയുന്ന പൂര്‍ണചന്ദ്രന്‍ അങ്ങനെ സൂപ്പര്‍ സ്‌നോ മൂണായി. ഹംഗര്‍ മൂണ്‍ എന്നും പേരുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ മൂണ്‍ അതിന്റെ മുഴുവന്‍ വലുപ്പത്തില്‍ ദൃശ്യമായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല