സ്വന്തം ലേഖകന്‍: ക്രൈസ്തവ സഭാ കോടതികള്‍ നല്‍കുന്ന വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജി കോടതി തള്ളികയും ചെയ്തു.
1996 ലെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘കാനോന്‍ നിയമത്തിന് ദൈവശാസ്ത്രപരമായും സഭാപരമായും കക്ഷികളില്‍ സ്വാധീനമുണ്ടാകാം. എന്നാല്‍, വിവാഹമോചന നിയമം നിലവില്‍വന്നശേഷം ഇത്തരം വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള വിവാഹ മോചനങ്ങള്‍ക്ക് നിയമസാധുതയില്ല. ‘കോടതി പറഞ്ഞു.
2013 ല്‍ ആണ് പയസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള മുത്തലാഖിനു നിമയസാധുതയുള്ളതുപോലെ കാനോന്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തിനും നിയമസാധുത നല്‍കണമെന്നു പയസിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം (1872), വിവാഹമോചന നിയമം (1869) എന്നിവയെ കാനോന്‍ നിയമം മറികടക്കുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല