സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി, നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്രം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീം കോടതി നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസാധുവാക്കല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.
അതിനിടെ ഒന്നിലധികം തവണ നോട്ട് മാറിയെടുക്കാന്‍ വരുന്നവരെ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ക്കശമാക്കി. അസാധു നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലുകളില്‍ മഷി പുരട്ടും. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നോട്ടുകള്‍ മാറുന്നവരുടെ വിരലുകളില്‍ മഷി പുരട്ടാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല