സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോതി വിജ്ഞാപനം സ്റ്റേ ചെയ്തത്. കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മെയ് 23നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. അതേസമയം അവ്യക്തതകള്‍ ഒഴിവാക്കി ഓഗസ്റ്റ് മാസത്തിനകം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബീഫ് വില്‍പനക്കാരുടെ സംഘടന ആയ ഓള്‍ ഇന്ത്യ ജമായിതുല്‍ ഖുരേഷ് ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പടെ ഉള്ളവര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് കന്നുകാലി കച്ചവടം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വിജ്ഞാപനത്തിന് എതിരായ സ്റ്റേ രാജ്യ വ്യാപകമാക്കിയത്.
മദ്രാസ് ഹൈകോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഒപ്പം ഓള്‍ ഇന്ത്യ കിസാന്‍ സഭ സുപ്രീം കോടതിയില്‍ കേന്ദ്ര വിജ്ഞാപനത്തിനെതിരെ റിട്ട് നല്‍കിയതും നിര്‍ണായകമായി. തുടര്‍ന്നാണ് ഈ സ്റ്റേ സുപ്രീം കോടതി സ്റ്റേ രാജ്യ വ്യാപകമാക്കി ഉത്തരവിട്ടത്. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്ന ആവശ്യം കേരള ഹൈക്കോടതി ഉള്‍പ്പടെ ചിലഹൈക്കോടതികള്‍ അംഗീകരിച്ചിരുന്നില്ല.
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇതില്‍ കൈ കടത്താന്‍ സര്‍ക്കാരിന് എന്തവകാശമാണെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ശരിവച്ച സുപ്രീം കോടതി ജനങ്ങളുടെ ജീവനോപാധികളെ അനിശ്ചിതത്വങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേദാറിന്റേതാണ് നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല