സ്വന്തം ലേഖകന്‍: ഒരു സെല്‍ഫി എടുത്തോട്ടെയെന്ന് അക്ഷയ് കുമാര്‍, പുലിമുരുകനെ കുറിച്ച് കത്തിവച്ച് പീറ്റര്‍ ഹെയ്‌നെ വെറുപ്പിച്ചു, ദേശീയ പുരസ്‌കാര ചടങ്ങില്‍ നടന്ന അത്ഭുതങ്ങളെക്കുറിച്ച് സുരഭി മനസു തുറക്കുന്നു. അവാര്‍ഡിന് തലേന്ന് നടന്ന റിഹേഴ്‌സലിലാണ് അക്ഷയ് സുരഭിയുടെ അടുത്ത് വന്ന് പരിചയപ്പെട്ടതും സെല്‍ഫിയെടുത്തോട്ടെ എന്നു ചോദിച്ച് സുരഭിയെ ഞെട്ടിച്ചതും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരഭി മനസു തുറന്നക്കുന്നത്.
‘രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ തലേന്ന് റിഹേഴ്‌സല്‍ നടക്കുകയാണ്. ദേശീയ അവാര്‍ഡ് ലഭിച്ച എല്ലാവരുമുണ്ട്. ഒരു മൂലയ്ക്ക ഈ പാവം ഞാനും. അപ്പോള്‍ ദേ വരണ് സാക്ഷാല്‍ അക്ഷയ് കുമാര്‍. എന്റെ അടുത്തേക്കാണ് പുള്ളീടെ വരവ്’ സുരഭിയുടെ മനസില്‍ ഇപ്പോഴും ആ നിമിഷം അതിശയമുണ്ടാക്കുന്നു എന്നത് വ്യക്തം.
പിന്നെ ലാലേട്ടനെ മനസില്‍ ധ്യാനിച്ച് ആറാം തമ്പുരാനില്‍ പറയുംപോലെ സുരഭി ഒരുകാച്ച് കാച്ചി. അക്ഷയ് ഫല്‍റ്റ്. ഖിലാഡിയോന്‍ കേ ഖിലാടി മുതല്‍ റഫ് ആന്‍ഡ് ടഫിന്റെ പരസ്യം വരെ എടുത്തിട്ടലക്കിയ സുരഭിയുടെ പ്രകടനത്തില്‍ അക്ഷയ് മൂക്കുകുത്തി വീണു. അവസാനം സുരഭിയോട് കക്ഷിയുടെ ചോദ്യം ‘ഒരു സെല്‍ഫിയെടുത്തോട്ടേ?’ അക്ഷയ് സെല്‍ഫിയെടുത്തയുടനെ സുരഭിയും അക്ഷയ്‌യെ മൊബൈലിന്റെ മുന്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവങ്ങള്‍ സരസമായി വിവരിക്കാനുള്ള അനന്യസാധാരണമായ കഴിവ് സുരഭി വീണ്ടും പ്രകടിപ്പിച്ചു.
സോനം കപൂറിനെയും അനില്‍ കപൂറിനെയും കണ്ടതും സുരഭി പറഞ്ഞു. അച്ഛനായ അനില്‍ കപൂറിനും തന്റെ കാമുകനുമൊപ്പമാണ് സോനം അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്. സോനത്തിന്റെ കാമുകന്‍ അക്ഷയ്ക്ക് നല്‍കിയ മിഠായി താന്‍ അദ്ദേഹം തനിക്കും താന്‍ സോനത്തിനും കൈമാറി. ഉടനെ സോനം തനിക്കുമൊരു മിഠായി വായില്‍വച്ചുതന്നതോടെ ‘പകച്ചുപോയി തന്റെ ബാല്യം’ എന്നാണ് സുരഭി പറയുന്നത്.
മലയാളത്തിന് എന്ത് അവാര്‍ഡ് ലഭിച്ചാലും അക്ഷയ് ചോദിക്കും അതാണോ തന്റെ ചിത്രം എന്ന്. സുരഭി പറയും ദാറ്റ് ഈസ് മൈ ബ്രദേഴ്‌സ് മൂവി. അങ്ങനെ സുരഭിയുടെ അനേകം ആങ്ങളമാര്‍ വേദിയില്‍ വന്നുപോയി. വൈകിട്ട് ഡിന്നറിന് നിരവധി പേരെ പരിചയപ്പെട്ടങ്കിലും സുരഭി വണ്‍ ആന്റ് ഒണ്‍ലി എന്ന് വിശേഷിപ്പിച്ചത് ഒരാളെ മാത്രം സാക്ഷാല്‍ പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനേപ്പറ്റി സംസാരിച്ച് താന്‍ പുള്ളിയെ ബോറടിപ്പിച്ചു എന്നും സുരഭി തമാശയായി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല