1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

സുരാജ് വെഞ്ഞാറമ്മൂട് അഭിനയിക്കുന്ന സിനിമകള്‍ കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ കൊള്ളാത്തവയാണെന്ന പ്രചരണം അടുത്തിടെ ശക്തമായി. സുരാജ് അഭിനയിക്കുന്ന സിനിമകളിലെ ഡയലോഗുകളില്‍ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞുനില്‍ക്കുന്നു എന്നായിരുന്നു പരാതി. എന്നാല്‍ സുരാജ് പറയുന്നത്, മലയാള സിനിമയിലെ മറ്റ് മുന്‍‌നിര ഹാസ്യതാരങ്ങള്‍ പറയുന്നത്ര അശ്ലീലം താന്‍ പറയുന്നില്ല എന്നാണ്.

“അശ്ലീലത്തിന് എത്രയോ ഉദാഹരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചുതരാം. മലയാളത്തിലെ മുന്‍‌നിര ഹാസ്യതാരങ്ങള്‍ തന്നെ. ഞാന്‍ അത്രത്തോളം പോയിട്ടില്ല എന്ന് എനിക്കുറപ്പാണ്” – കേരളകൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരാജ് പറയുന്നു.

എങ്ങനെയാണ് ഇത്തരം പ്രചരണം ഉണ്ടാകുന്നതെന്ന് തനിക്കറിയില്ലെന്ന് സുരാജ് പറയുന്നു. “സിനിമയില്‍ ഞാന്‍ വ്യാപകമായി അശ്ലീലം പറയുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ അത് ചൂണ്ടിക്കാണിക്കണം. ഈ അടുത്തകാലത്താണ് ഇത്തരം പ്രചരണം ശക്തമായത്. ചില മാധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നു. തിരക്കഥാകൃത്ത് എഴുതി വയ്ക്കുന്നതും സംവിധായകന്‍ ഒ കെ പറയുന്നതുമായ കാര്യങ്ങളാണ് സിനിമയില്‍ നമ്മളിലൂടെ ആളുകള്‍ കാണുന്നത്” – സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.

പല സിനിമയിലും പലപ്പോഴും സ്വയം ഡയലോഗുകള്‍ സൃഷ്ടിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സുരാജ് വെളിപ്പെടുത്തുന്നു. എന്നാല്‍ അങ്ങനെയുള്ള അവസരങ്ങളില്‍ പോലും അശ്ലീലം പറഞ്ഞ് തമാശയുണ്ടാക്കാമെന്ന് താന്‍ കരുതിയിട്ടില്ലെന്നും സുരാജ് പറയുന്നു.

അടുത്തിടെ സുരാജിന്‍റെ പേരുചേര്‍ത്ത് പ്രചരിച്ച വിവാദങ്ങളെക്കുറിച്ചും നടന്‍ പ്രതികരിക്കുന്നുണ്ട്. “ഈ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാന്‍ ആരെയും ഉപദ്രവിക്കാതെ മുന്നോട്ടുപോകുന്ന ആളാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് എന്തും പറയാം. അത് മറ്റുള്ളവരെ എത്രമാത്രം വേദനിപ്പിക്കുമെന്നോ അവരുടെ കുടുംബത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നോ ഇവര്‍ ചിന്തിക്കാറില്ല” – സുരാജ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.