സ്വന്തം ലേഖകൻ: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും താരം അഭ്യർഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല