സ്വന്തം ലേഖകന്‍: സുരേഷ് ഗോപി ഇനി എംപി, രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തില്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യസഭാ സെക്രട്ടറിയെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഭാര്യ രാധിക, മക്കളായ ഗോകുല്‍, ഭാവന, ഭാഗ്യ, മാധവ് എന്നിവരും സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ എത്തിയിരുന്നു.
കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പാര്‍ലമെന്റ് ഉപരിസഭയായ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയും മലയാള സിനിമയില്‍ നിന്നുള്ള ആദ്യ നടനുമാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിക്ക് പുറമെ ബി.ജെ.പിയുടെ സുബ്രമണ്യന്‍ സ്വാമി, പത്രപ്രവര്‍ത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപന് ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുന്‍ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്സിങ് താരം മേരി കോം, മുന്‍ ക്രിക്കറ്റ് താരവും ലോക്സഭയില്‍ ബി.ജെ.പി മുന്‍ എം.പിയുമായ നവജ്യോത് സിങ് സിദ്ദു എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല