1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ലണ്ടന്‍ : അടിയന്തിരമായി അപ്പെന്‍ഡിക്സ് ഓപ്പറേഷന് എത്തിയ രോഗിയുടെ ശരീരത്തിനുളളില്‍ ഡോക്ടര്‍മാര്‍ ഫോര്‍സെപ്‌സ് വച്ച് മറന്നു. എട്ടിഞ്ച് നീളമുളള ഒരു ഫോര്‍സെപ്‌സാണ് ഡോക്ടര്‍മാര്‍ രോഗിയുടെ വയറ്റിനുളളില്‍ വച്ച് മറന്നത്. ശസ്ത്രക്രീയയ്ക്ക് ശേഷം വീട്ടില്‍ പോയ രോഗി പതിവ് എക്‌സ്‌റേ പരിശോധനയ്ക്കായി ആഴ്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് മറന്നുവച്ച ഫോര്‍സെപ്‌സ് ശരീരത്തിനുളളില്‍ കണ്ടെത്തിയത്. ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരാണ് ഫോര്‍സെപ്‌സ് രോഗിയുടെ ശരീരത്തിനുളളില്‍ വച്ച് തുന്നിക്കെട്ടി വിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും എന്നാല്‍ ആപൂര്‍വ്വവുമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ചീഫ് നഴ്‌സ് ജൂലി പിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ഓരോ വര്‍ഷവും ചുരുങ്ങിയത് 90,000 ശസ്ത്രക്രീയകള്‍ ആശുപത്രിയില്‍ നടക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രീയയ്ക്ക് മുന്‍പും പിന്‍പും ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തും. കണക്കില്‍ എന്തെങ്കിലും കുറവ് അനുഭവപ്പെട്ടാല്‍ തീയേറ്ററിനുളളില്‍ തന്നെയുളള രോഗിയുടെ ശരീരം സ്‌കാന്‍ ചെയ്ത് നോക്കും. ഇവിടെ ഉപകരണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ വയറിന്റെ എക്‌സ്‌റേ എടുത്തിരുന്നു. എന്നാല്‍ പൂര്‍ണ്ണമായ എക്‌സ്‌റേ എടുക്കാന്‍ തുനിയാഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സിലെ ഓപ്പറേഷനുകളുടെ ക്വാളിറ്റി ഡയറക്ടര്‍ കൂടിയായ പിയേഴ്‌സിന്റെ വിശദീകരണം.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യത്ത്് ഇത്തരത്തില്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡ്‌വേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഡ്രില്ലിന്റെ ഒരു കഷ്ണം രോഗിയുടെ തുടയെല്ലിനുളളില്‍ കുടുങ്ങുകയായിരുന്നു. മറ്റൊരു രോഗിയുടെ കൈപ്പത്തിക്കുളളിലാണ് ഡ്രില്ലിന്റെ ഒരു കഷ്ണം കുടുങ്ങിയത്. രണ്ട് കേസിലും കുടുങ്ങിയ കഷ്ണങ്ങള്‍ അവിടെ തന്നെ ഇരിക്കട്ടെയെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രോഗികള്‍ക്ക് മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.