സ്വന്തം ലേഖകൻ: റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ, 11 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായത് ചൊവ്വാഴ്ച രാത്രിയാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ ജനങ്ങള്‍ ഭയന്നുവിറച്ച് രാത്രി വീടുവിട്ട് പുറത്തിറങ്ങി. ഇതിനിടെ കശ്മീരില്‍നിന്ന് വരുന്ന ഒരു വാര്‍ത്ത ആരുടെയും ഹൃദയം കവരുന്നതാണ്.
ആളുകള്‍ കെട്ടിടംവിട്ട് തുറസ്സായ ഇടങ്ങളിലേക്ക് സുരക്ഷ തേടി രക്ഷപ്പെടുമ്പോള്‍ കശ്മീരിലെ ഒരാശുപത്രിക്കെട്ടിടത്തില്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തുന്ന തിരക്കിലായിരുന്നു. അനന്ദ്‌നാഗ് ജില്ലയിലാണ് സംഭവം. ഓപറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
അനന്തനാഗ് ജില്ലാ ഭരണകൂടമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കെട്ടിടം പ്രകമ്പനം കൊള്ളുന്നതിനിടെ ഡോക്ടര്‍മാരും നേഴ്‌സുമാരും തിരക്കിട്ട് ഓപ്പറേഷന്‍ നടപടികളില്‍ മുഴുകിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ഓപ്പറേഷന്‍ തിയേറ്ററിലെ ഉപകരണങ്ങളും ലൈറ്റുകളും ഡ്രപ്പിടുന്നതിനുള്ള സ്റ്റാന്‍ഡുമെല്ലാം കുലുങ്ങുന്നുണ്ട്. വൈദ്യുതി അണയുകയും പിന്നീട് വരികയും ചെയ്യുന്നുണ്ട്.
കുട്ടിയെ സുരക്ഷിതമാക്കാന്‍ ഡോക്ടര്‍ പറയുന്നതും ചിലര്‍ പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിനിടയിലെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവൃത്തിയില്‍ മുഴുകയിരിക്കുകയാണ്. ഭൂകമ്പത്തിനിടയിലും ആത്മാര്‍ഥമായി ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദിയറിയിച്ചുകൊണ്ടാണ് ജില്ലാ ആരോഗ്യവകുപ്പ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല