സ്വന്തം ലേഖകന്‍: വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, നിയമം വ്യവസ്ഥ ചെയ്യുന്നത് കര്‍ശന നിബന്ധനകള്‍. പണം നല്‍കി ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിന് സമ്പൂര്‍ണ വിലക്ക് വ്യവസ്ഥ ചെയ്യുന്ന സറോഗസി (വാടക ഗര്‍ഭപാത്ര) നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് അവതരിപ്പിച്ചത്.
വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിലെ ചൂഷണങ്ങളും കച്ചവട താത്പര്യങ്ങളും തടയുന്നതിനാണ് കര്‍ശന നിയമം കൊണ്ടുവരുന്നത്. വിദേശികള്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം ലഭിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറുന്നെന്ന ആക്ഷേപവും കണക്കിലെടുത്തിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ചുരുങ്ങിയത് പത്തുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്തതും ഒത്തുതീര്‍പ്പില്ലാത്തതുമാക്കി.
കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് പണമിടപാടില്ലാതെ അടുത്ത ബന്ധുക്കളുടെ ഗര്‍ഭപാത്രം ഉപയോഗിക്കാം. വിദേശികള്‍, എന്‍.ആര്‍.ഐ.കള്‍, വിദേശത്ത് താമസിക്കുന്ന ഒ.ഐ.സി.കാര്‍ഡുള്ള ഇന്ത്യന്‍ വംശജന്‍ എന്നിവര്‍ക്ക് പക്ഷേ, ഇക്കാര്യത്തിലും അനുമതിയില്ല.
വാടക ഗര്‍ഭധാരണം തടയുന്നതിനും നിസ്വാര്‍ഥ ലക്ഷ്യത്തോടെ പകരം ഗര്‍ഭപാത്രമെന്ന നടപടിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സറോഗസി ബോര്‍ഡുകള്‍ക്ക് രൂപംനല്‍കും. കേന്ദ്രസംസ്ഥാന ആരോഗ്യമന്ത്രിമാരായിരിക്കും ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല