സ്വന്തം ലേഖകന്‍: വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുട്ടിയെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ഇന്ത്യയില്‍ ഉപേക്ഷിക്കേണ്ടി വന്ന സംഭവം, ബ്രിട്ടീഷ് ഹൈക്കമ്മീഷനുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സുഷമ സ്വരാജ്. ഈ വര്‍ഷം മേയിലാണ് ഇന്ത്യയില്‍ നിന്നുള്ള വാടക ഗര്‍ഭപാത്രം സ്വീകരിച്ച ബ്രിട്ടീഷ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ വന്നതോടെ കുട്ടിയെ ഒരു അനാഥാലയത്തില്‍ ഏല്‍പ്പിച്ച ശേഷം ദമ്പതികള്‍ ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
‘ലില്ലി’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉടന്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മെഡിക്കല്‍ വിസയിലാണ് ബ്രിട്ടീഷ് ദമ്പതികള്‍ ഇന്ത്യയില്‍ എത്തിയത്. സെപ്തംബര്‍ ഏഴിന് ഇവരുടെ വീസയുടെ കാലാവധി അവസാനിച്ചുവെങ്കിലും ഒരുമാസം കൂടി നീട്ടി നല്‍കിയിരുന്നു. കുട്ടിക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ നടപടിക്രമങ്ങളിലെ കാലാതാമസം കാരണം ഇതുവരെ സാധിക്കാത്തതാണ് പ്രശ്‌നം.
ജൂണ്‍ മൂന്നിന് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒക്‌ടോബര്‍ ഏഴിനകം പാസ്‌പോര്‍ട്ട് ലഭ്യമായാല്‍ ലില്ലിയെ ഒപ്പം കൊണ്ടുപോകും. അല്ലാത്തപക്ഷം ഇവിടെതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഇവരുടെ വാദം. വാടക ഗര്‍ഭധാരണത്തിലൂടെയുള്ള ജനിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ പല തരത്തിലുള്ള ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിദേശികളുടെ വാടക ഗര്‍ഭധാരണം നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല