സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു. താന്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററില്‍ ചോദ്യം ചോദിച്ചത്. താന്‍ ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണം തീരാറായി. എപ്പോഴാണ് ഇന്ത്യയുടെ അടുത്ത ചൊവ്വാ ദൗത്യവുമെന്നുമായിരുന്നു ചോദ്യം. നിങ്ങള്‍ ഇനി എവിടെയായാലും അത് ചൊവ്വയിലാണേലും രക്ഷിക്കാന്‍ സര്‍ക്കാരുണ്ടെന്നാണ് സുഷമ മറുപടി നല്‍കിയത്.
തമാശയായാണ് ചോദ്യം ചോദിച്ചതെങ്കിലും അതിന് മന്ത്രി നല്‍കിയ മറുപടി വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാലത്തെ പ്രവര്‍ത്തന മികവ് വച്ചു നോക്കിയാല്‍ ശരിയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ഭൂരിപക്ഷാഭിപ്രായം. ട്വിറ്ററിലൂടെ സഹായം അഭ്യര്‍ഥിച്ച നിരവധി പ്രവാസികള്‍ക്കാണ് സുഷമ സ്വരാജ് ഉടനടി സഹായം എത്തിച്ചത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന ലോകനേതാക്കളില്‍ ആദ്യ പത്തിലും സുഷമ സ്വരാജ് ഈയിടെ ഇടംപിടിച്ചിരുന്നു. പട്ടികയില്‍ എട്ടാം സ്ഥാനമാണു സുഷമ സ്വരാജിന്. ഹിലാരി ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള വനിത നേതാക്കളെയാണു സുഷമ ഇക്കാര്യത്തില്‍ പിന്തള്ളിയത്. ആദ്യ പത്തില്‍ ഇടംപിടിച്ച ഒരേ ഒരു വനിതയും സുഷമയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല