സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായിരിക്കെ താരങ്ങളുടെ ആരാധകരും വഴിമാറുന്നു. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനും സിനിമാ കുടുംബത്തില്‍ നിന്നുള്ള ആലിയ ഭട്ടിനുമാണ് ആരാധകരെ നഷ്ടപ്പെട്ടത്.
കരണ്‍ ജോഹര്‍ സനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ഒരു ലക്ഷത്തോളം പേരാണ് കുറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ ഇന്‍സ്റ്റഗ്രാമില്‍ 11 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കരണിന് ഇപ്പോള്‍ 10.9 മില്യണ്‍ ഫോളോവേഴ്‌സ് ആയി കുറഞ്ഞു.
അതേ സമയം നടി കങ്കണയുടെ ഇന്‍സ്റ്റ്ഗ്രാം പേജിന് ഒറ്റയടിക്ക് കൂടിയത് 10 ലക്ഷത്തോളം പേരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 20 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കങ്കണയ്ക്ക് ഇപ്പോള്‍ 35 ലക്ഷത്തോളം ഫോളേവേഴ്‌സാണ് ഉള്ളത്. കങ്കണയുടെ പി. ആര്‍ ടീം കൈകാര്യം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണിത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ കങ്കണ റണൗത്ത് ബോളിവുഡിലെ സ്വജനപക്ഷ പാതത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോളോവേഴ്‌സ് കൂടിയത്. സിനിമാ കുടുംബത്തിന് പുറത്തു നിന്ന് വന്ന സുശാന്തിന് തുടരെ സനിമകള്‍ നഷ്ടപ്പെട്ടിരുന്നെന്നും സുശാന്ത് സ്വജനപക്ഷ പാതത്തിന്റെ ഇരയാണെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.
ആലിയ ഭട്ടിനും കരണ്‍ജോഹറിനും പിന്നാലെ നടി സോനം കപൂറിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 2018 ല്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ചാറ്റ് ഷോയായ കോഫീ വിത്ത് കരണില്‍ സോനം കപൂര്‍ സുശാന്തിനെ കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാവുന്നത്.
ഷോയില്‍ കരണ്‍ സോനത്തിനോട് ബോളിവുഡിലെ ആകര്‍ഷണമുള്ള നടന്‍മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചിരുന്നു. ഹോട്ട് ഓര്‍ നോട്ട് എന്ന റാപിഡ് ഫയര്‍ റൗണ്ടില്‍ കരണ്‍ കുറേ നടന്‍മാരുടെ പേരു പറയുകയും അവര്‍ ആകര്‍ഷണമുള്ളവരാണോ എന്ന് സോനത്തോട് ചോദിക്കുകയുമായിരുന്നു.
രണ്‍ബീര്‍ കപൂറും ഇമ്രാന്‍ ഖാനും വളരെ ആകര്‍ഷണമുള്ളവരാണെന്ന് പറഞ്ഞ സോനം സുശാന്ത് സിംഗ് എന്നു കേട്ടപ്പോള്‍ നടനെ അറിയില്ലെന്ന ഭാവമാണ് ആദ്യം കാണിച്ചത്. ഇത് കണ്ട കരണ്‍ ചിരിക്കുകയും ചെയ്തു. ആകര്‍ഷണീയനാണെന്നു കരുതുന്നു. എനിക്കറിയില്ല. ഞാനദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ല എന്നാണ് സോനം ഇതിനു ശേഷം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല