സ്വന്തം ലേഖകന്‍: കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് സഹായഹസ്തം നീട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫൈസ തന്‍വീന്‍ എന്ന 25 കാരിയായ ക്യാന്‍സര്‍ രോഗ ബാധിതയാണ് വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി ഫൈസ പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ആ അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ സുഷമ സ്വരാജ് ഇടപെടണം എന്നാവശ്യപ്പെട്ട് ഫൈസ ട്വീറ്റ് ചെയ്തത്. ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടാനാണ് ഫൈസ തന്‍വീര്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി 10 ലക്ഷം രൂപ മുന്‍കൂര്‍ ആയി അടക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ പാകിസ്താന്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് തങ്ങളുടെ വിസ അപേക്ഷ നിരസിക്കാന്‍ കാരണമായത് എന്നാണ് ഫൈസയുടെ കുടുംബം കരുതുന്നത്. തുടര്‍ന്നാണ് ഫൈസ ട്വിറ്ററില്‍ സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. എന്തായാലും സുഷമ സ്വരാജ് ഇടപെട്ട് ഫൈസയ്ക്ക് വിസ അനുവദിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം പാകിസ്താനില്‍ നിന്നുള്ള ഒരു കുട്ടിയുടെ അടിയന്തര ഹൃദയ ചികിത്സയ്ക്ക് സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായിരുന്നു. വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സുഷമ സ്വരാജിന്റെ സഹായം തേടിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് വിസ അനുവദിക്കാന്‍ സുഷമ സ്വരാജ് ഇടപെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല