സ്വന്തം ലേഖകന്‍: റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍. സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ മന്ത്രിയാണ് സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ തനിക്കു മുന്നിലെത്തിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട സുഷമയ്ക്ക് മുന്നിലെത്തിയ ഒരു പ്രശ്‌നവും അതിന് സുഷമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
തിങ്കളാഴ്ചയാണ് ട്വിറ്ററില്‍ വെങ്കട് എന്നയാളില്‍ നിന്നും സുഷമാ സ്വരാജിന് വളരെ വ്യത്യസ്തമായ ഒരപേക്ഷ ലഭിച്ചത്. താന്‍ വാങ്ങിയ പുതിയ സാംസങ് റഫ്രിജിറേറ്റര്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നും കമ്പനി തന്നെ പറ്റിച്ചുവെന്നും ഇതിനെതിരെ അടിയന്തിര നടപടിയെടുക്കണം എന്നും കാണിച്ചായിരുന്നു വെങ്കടിന്റെ ട്വീറ്റ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി റാം വിലാസ് പസ്വാനെയും ഇയാള്‍ തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു.
നിമിഷങ്ങള്‍ക്കകം സുഷമാ സ്വരാജിന്റെ മറുപടിയെത്തി. ‘സഹോദരാ, ഒരു റഫ്രിജിറേറ്റര്‍ നന്നാക്കുന്നത് സംബന്ധിച്ച് എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് ഞാന്‍,’ എന്നായിരുന്നു സുഷമയുടെ മറുപടി. തമാശയും ഗൗരവവും കലര്‍ന്ന സുഷമയുടെ മറുപടി ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
ഇതിനിടെ, തിരക്കുകള്‍ക്കിടയിലും തനിക്ക് മറുപടി തന്നതിന് വെങ്കട് സുഷമാ സ്വരാജിന് നന്ദി പറഞ്ഞ് മെസ്സേജ് അയച്ചു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വെങ്കടിന്റെ ട്വീറ്റിന് സാംസങും മറുപടിയുമായി എത്തി. അതോടെ വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെട്ടില്ലെങ്കിലും പ്രശ്‌നത്തിന് പരിഹാരവുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല