സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാട് വ്യക്തമാകും മുമ്പ് ചൈനീസ് അംബാസഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കവേയാണ് സുഷമ സ്വരാജ് രാഹുലിനെതിരെ രംഗത്തെത്തിയത്.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കും. തര്‍ക്ക പരിഹാരത്തിനായി ചൈനയുമായുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുമെന്നും സുഷമ പറഞ്ഞു. ചൈനയുമായി യുദ്ധത്തിനുള്ള സാധ്യതയില്ല. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രയേലുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടെന്നും എന്നാല്‍, ഫലസ്തീനികളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കില്ലെന്നും സുഷമ വ്യക്തമാക്കി. ചൈനീസ് സ്ഥാനപതിയുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലൈ എട്ടിനാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല