ദുഖവെള്ളിയാഴ്ച്ച ദിനത്തില്‍ മെല്‍ബണിലെ പള്ളിക്ക് തീപിടിച്ചു. ഒരാഴ്ച്ചക്കിടെ മെല്‍ബണിലെ നാലാമത്തെ പള്ളിയാണ് സംശയകരമായ സാഹചര്യത്തില്‍ തീപിടിച്ചത്. ഡൊണ്‍കാസ്റ്റര്‍ റോഡിലുള്ള സെന്റ് ഡേവിഡ്‌സ് ആംഗ്ലിക്കന്‍ ചര്‍ച്ചിലാണ് തീപിടുത്തമുണ്ടായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഡൊണ്‍കാസ്റ്റര്‍ ഈസ്റ്റിലുള്ള കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതായി ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമ സേനയെത്തി തീ അണച്ചു.
പള്ളിയുടെ ഒരു ചെറിയ ഭാഗത്ത് മാത്രമാണ് തീപിടുത്തമുണ്ടായത്. ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മെട്രോപൊളീറ്റിയന്‍ ഫയര്‍ബ്രിഗേഡ് വക്താവിന്റെ വാക്കുകളെ ഉദ്ധരിച്ചാല്‍ സംശയകരമായ സാഹചര്യത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.
സെന്റ് ജെയിംസ് ചര്‍ച്ച് ബ്രൈറ്റണ്‍, സെന്റ് മേരീസ് സെന്റ് കില്‍ഡാ ഈസ്റ്റ്, സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ഡന്‍ഡെനോഗ് എന്നീ പള്ളികള്‍ക്കാണ് മുന്‍പ് തീപിടുത്തമുണ്ടായത്. എല്ലാ തീപിടുത്തങ്ങളും സംശയകരമായ സാഹചര്യത്തിലുണ്ടായതാണെന്നാണ് അധികൃതരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല