![](https://www.nrimalayalee.com/wp-content/uploads/2021/10/SUV-Running-Over-Protesting-Farmers.jpeg)
സ്വന്തം ലേഖകൻ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമാധനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലഖിംപൂരിലെ കര്‍ഷ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ വീഡിയോ ആണോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആരാണ് വണ്ടി ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമല്ല. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ്.യു.വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയടക്കം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ”നരേന്ദ്ര മോദി ജി, നിങ്ങളുടെ സര്‍ക്കാര്‍ ഒരു എഫ്.ഐ.ആറോ ഉത്തരവോ ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂറായി എന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ കര്‍ഷകരെ ഇങ്ങനെ ചതച്ചരച്ച ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്?” എന്നായിരുന്നു പ്രിയങ്ക വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.
വീഡിയോയില്‍ കാണുന്ന എസ്.യു.വി ഓടിച്ചിരുന്നത് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ട് പേര്‍ മരിച്ചിരുന്നു.
സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല